കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ പുതിയ ക്രൈം ബ്രാഞ്ച് സംഘം. അന്വേഷണ വിവരങ്ങൾ രാഹുലിനു ചോരുന്നുവെന്ന നിഗമനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ സംഘത്തെ നിയോഗിച്ചത്.

രാഹുൽ കർണാടകയിൽ തന്നെയാണ് ഒളിവിൽ തുടരുന്നതെന്നാണ് സൂചന. ഒളിവിൽ കഴിയാൻ രാഹുലിന് കോൺഗ്രസിന്റെ സഹായം ലഭിക്കുന്നുണ്ടെന്ന് ഇടതുപക്ഷ പാർട്ടികൾ അടക്കം ആരോപിച്ചിരുന്നു.
11 ദിവസമായിട്ടും രാഹുലിനെ പിടികൂടാൻ സാധിക്കാത്തതിൽ വിമർശനം ശക്തമാകുന്ന സാഹചര്യത്തിൽ എത്രയും വേഗം എംഎൽഎയെ അറസ്റ്റു ചെയ്യാനാണ് പൊലീസിന്റെ നീക്കം.

അതേസമയം, രാഹുലിനെതിരായ രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ പരാതിക്കാരിയുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം. മൊഴി നൽകാൻ തയാറാണെന്ന് പരാതിക്കാരി അറിയിച്ചിരുന്നു. രാഹുൽ ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് കോൺഗ്രസ് നേതൃത്വത്തിനു മുന്നിലായിരുന്നു കഴിഞ്ഞ ദിവസം യുവതി പരാതി നൽകിയത്. ഈ പരാതിയാണ് പിന്നീട് പൊലീസിനു കൈമാറിയത്.

