തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പ് പ്രചാരണത്തിൽ ആവേശക്കൊടുമുടിയിലേറി ഏഴ് ജില്ലകളിൽ കലാശക്കൊട്ട്. നാടും നഗരവും മുന്നണികൾ കൊടി തോരണങ്ങൾ കൊണ്ട് മൂടിയും മുദ്രാവാക്യം വിളിച്ചും ആവേശത്തിന്റെ ഉച്ചസ്ഥായിയിൽ എത്തിച്ചിട്ടുണ്ട്. വീട് കയറിയും വാഹന പര്യടനം നടത്തിയും നാടുമൊത്തം കറങ്ങിയ സ്ഥാനാർത്ഥികൾ മുന്നണി ഭേദമന്യേ ഒരിടത്തെത്തി കലാശക്കൊട്ടിൽ പങ്കാളികളാവുമ്പോൾ, ജനങ്ങളും ആവേശത്തിലാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് കലാശക്കൊട്ട് നടക്കുന്നത്.
കലാശക്കൊട്ടോടെ ഒന്നാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കും. നാളെ നിശബ്ദ പ്രചാരണമാണ്. ചൊവ്വാഴ്ച ജനം വോട്ടിങ് ബൂത്തുകളിലെത്തും.

ഏഴു ജില്ലാ പഞ്ചായത്തുകൾ, തിരുവനന്തപുരം, കൊല്ലം, കൊച്ചി കേര്‍പ്പറേഷനുകളും ഉൾപ്പടെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്കാണ് മത്സരം.ഏഴ് ജില്ലകളിലായി 1.31കോടി വോട്ടർമാരും പതിനയ്യായിരത്തിൽ അധികം പോളിങ് ബൂത്തുകളുമാണുള്ളത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാൻ അറിയിച്ചു.
