കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ തെളിവുകള്‍ വിലയിരുത്തുന്നതില്‍ വിചാരണ കോടതി പക്ഷപാതപരവും വിവേചനപരവുമായ സമീപനം സ്വീകരിച്ചുവെന്ന് പ്രോസിക്യൂഷന്. കേസില്‍ വിചാരണ കോടതി ഇരട്ടത്താപ്പ് കാണിച്ചു.

ദിലീപിനെതിരായ തെളിവുകള്‍ അവഗണിക്കുകയോ തെറ്റായി വ്യാഖ്യാനിക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന് അനുകൂലമായി തെറ്റായി വായിക്കുകയോ ചെയ്തതായും പ്രോസിക്യൂഷന് ആരോപിച്ചു. വിചാരണ കോടതി വിധിക്കെതിരെ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ അനുമതി തേടി സര്‍ക്കാരിന് പ്രോസിക്യൂഷന് സമര്‍പ്പിച്ച നിയമോപദേശത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നാണ് റിപ്പോർട്ടുകൾ.
കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഡിസംബറിലാണ് എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കി കോടതി വിധി പ്രസ്താവിച്ചത്.

കേസില്‍ പ്രധാന പ്രതിയായ പള്‍സര്‍ സുനിയെയും നടന് ദിലീപിനെയും കോടതി വ്യത്യസ്ത രീതിയിലാണ് കണ്ടതെന്നും പ്രോസിക്യൂഷന് ആരോപിച്ചു. തെളിവുകളെ കോടതി നീതിയുക്തമല്ലാത്തതും പക്ഷപാതപരവുമായ രീതിയിലാണ് കണ്ടതെന്നും നിയമോപദേശത്തില്‍ പറയുന്നു.

