തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് പറയപ്പെടുമ്പോഴും സിറ്റിങ് എല്‍ഡിഎഫ് എംഎല്‍എമാരില്‍ ഭൂരിഭാഗം പേര്‍ക്കും ശക്തമായ ജനപിന്തുണയെന്ന് സര്‍വേ റിപ്പോര്‍ട്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനു വേണ്ടി പോള്‍ സര്‍വേ നടത്തിയ ഗുജറാത്ത് ആസ്ഥാനമായുള്ള ഏജന്‍സി നടത്തിയ സര്‍വേയിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സര്‍വേ ഫലങ്ങള്‍ പുറത്തുവന്നത് യുഡിഎഫില്‍ പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് ഇത് തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയതായാണ് വിവരം. മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കനുഗോലുവിന്റെ നിര്‍ദേശം.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 99 മണ്ഡലങ്ങള്‍ നേടിയപ്പോള്‍, 2016 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ എട്ട് സീറ്റുകള്‍ കൂടുതലായിരുന്നു ഇത്. ഇതില്‍ സിപിഎം മത്സരിച്ച 75 സീറ്റുകളില്‍ 62 എണ്ണവും നേടി, സിപിഐ 17 സീറ്റുകള്‍ നേടി. യുഡിഎഫിന് 41 മണ്ഡലങ്ങളിലാണ് വിജയിക്കാനായത്. 2016-ല്‍ 93 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 22 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ, അതേസമയം മുസ്ലിം ലീഗ് 15 സീറ്റുകള്‍ നേടി. കണക്കുകള്‍ നോക്കുമ്പോള്‍ ഭരണവിരുദ്ധ ഘടകം എല്‍ഡിഎഫ് എംഎല്‍എമാരെ കാര്യമായി ബാധിക്കുന്നില്ലെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്.

എന്നാല്‍ എല്‍ഡിഎഫ് എംഎല്‍എമാര്‍ക്കുള്ള ഈ ജനപിന്തുണയ്ക്ക് കാരണം അതത് മണ്ഡലങ്ങളിലെ സര്‍ക്കാരിന്റെ വികസന പദ്ധതികളും പ്രാദേശിക അടിസ്ഥാന സൗകര്യ വികസനവുമാണെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

യുഡിഎഫ് എംഎല്‍എമാരുടെ പ്രകടനത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും എല്‍ഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ പ്രാദേശിക തലങ്ങളില്‍ ശക്തമായ ഭരണവിരുദ്ധ വികാരമില്ലെന്നും ചില നേതാക്കള്‍ നിരീക്ഷിച്ചു. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വിവിധ യോഗങ്ങളില്‍ ഈ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതില്‍ യുഡിഎഫ് പരാജയപ്പെട്ടുവെന്നുമാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
നിലവില്‍ എല്‍ഡിഎഫിന്റെ കൈയ്യിലുള്ള മണ്ഡലങ്ങള്‍ പിടിച്ചെടുക്കുന്നത് കൂടാതെ കോണ്‍ഗ്രസിനെ സംബന്ധിച്ച് മറ്റൊരു വെല്ലുവിളി കൂടി മുന്നിലുണ്ട്. 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മുമ്പ് കോണ്‍ഗ്രസോ സഖ്യകക്ഷികളോ കൈവശം വച്ചിരുന്ന 11 മണ്ഡലങ്ങള്‍ സിപിഎം പിടിച്ചെടുത്തു എന്നതാണിത്. ഈ വെല്ലുവിളി നേരിടാന്‍ എല്‍ഡിഎഫ് എംഎല്‍എമാരെ ലക്ഷ്യംവെച്ച് എംഎല്‍മാര്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങളുടെ പിഴവുകള്‍ കണ്ടെത്താന്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റികളോടും യുഡിഎഫ് നേതൃത്വത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.
