തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം കൈകാര്യം ചെയ്യുന്ന യാത്രക്കാരുടെ എണ്ണത്തിൽ എക്കാലത്തെയും വലിയ റെക്കോർഡ് നേട്ടം. 2026 ജനുവരി മാസത്തിൽ മാത്രം 4,50,090 യാത്രക്കാരാണ് ഈ വിമാനത്താവളം വഴി കടന്നുപോയതെന്ന് വിമാനത്താവള നടത്തിപ്പുകാരായ ടി.ഐ.എ.എൽ വ്യക്തമാക്കി.

വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ കണക്കാണിത്. ഇതിനുപുറമെ, പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം ആദ്യമായി 15,000 എന്ന നാഴികക്കല്ല് പിന്നിട്ടതും യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വലിയ വർധനയെ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര തലത്തിലും ആഭ്യന്തര തലത്തിലും ഒരേപോലെ കരുത്തുറ്റ വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയതെന്നും ടി.ഐ.എ.എൽ വ്യക്തമാക്കി.
ജനുവരി മാസത്തിൽ ആകെ യാത്ര ചെയ്തവരിൽ 2,27,275 പേരും അന്താരാഷ്ട്ര യാത്രക്കാരായിരുന്നു. ഇതും വിമാനത്താവളത്തെ സംബന്ധിച്ച് പുതിയൊരു ചരിത്രനേട്ടമാണ്. ആഭ്യന്തര യാത്രക്കാരുടെ എണ്ണം 2,22,815 ആയി ഉയർന്നു. വിമാന സർവീസുകളുടെ എണ്ണത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്. ഒരു മാസത്തിനിടെ 2,751 എയർ ട്രാഫിക് മൂവ്മെന്റുകളാണ് വിമാനത്താവളം വിജയകരമായി കൈകാര്യം ചെയ്തത്. ഈ നേട്ടങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തെ ഈ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഏവിയേഷൻ ഹബ്ബായി മാറ്റുന്നതിന്റെ തെളിവായി ടി.ഐ.എ.എൽ ചൂണ്ടിക്കാട്ടുന്നു. വിവിധ വിമാനക്കമ്പനികളുടെ സഹകരണവും പ്രവർത്തനക്ഷമത വർധിപ്പിക്കാനായതും ഈ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.

നിലവിൽ 237 ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന ഈ വിമാനത്താവളത്തിന് പ്രതിവർഷം 45 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. എന്നാൽ, ഭാവിയിലെ ആവശ്യങ്ങൾ മുന്നിൽക്കണ്ട് നടപ്പിലാക്കുന്ന പുതിയ മാസ്റ്റർ പ്ലാൻ പ്രകാരം ഈ ശേഷി 2.7 കോടിയായി ഉയർത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

