തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു പിന്നാലെ സിപിഎമ്മും സര്‍വേ നടത്തുന്നു. സര്‍വേ ഫലത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാനാണ് തീരുമാനം. തുടര്‍ച്ചയായ മൂന്നാം തവണയും അധികാരം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് സിപിഎം സര്‍വേ നടത്തുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരു സ്വകാര്യ ഏജന്‍സി ഇതിനകം തന്നെ സര്‍വേ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായി റിപ്പോര്‍ട്ടുകൾ പുറത്ത് വന്നു.

അനുയോജ്യമായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുക, നിലവിലുള്ള എംഎല്‍എമാരുടെ വിജയസാധ്യത വിലയിരുത്തുക, മണ്ഡലങ്ങള്‍ നിലനിര്‍ത്താന്‍ സാധ്യത കുറവുള്ള എംഎല്‍എമാരെ ഒഴിവാക്കുക എന്നതാണ് സര്‍വേയുടെ പ്രധാന ലക്ഷ്യം.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് സര്‍വേ പുരോഗമിക്കുന്നത്. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സര്‍വേ ഫലം നിര്‍ണായകമായിരിക്കും.

ഏജന്‍സികളുടെ സര്‍വേ ഫലത്തിനു പുറമേ, ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ടും മുഖ്യമന്ത്രി പരിഗണിക്കുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന്റെ നിര്‍ണായക പ്രധാന്യം കണക്കിലെടുത്ത്, മത്സരത്തില്‍ രണ്ടു തവണ മാനദണ്ഡം ഇത്തവണ ഒഴിവാക്കാന്‍ സിപിഎം ഇതിനകം തീരുമാനിച്ചിട്ടുണ്ട്. വിവിധ കാരണങ്ങളാല്‍ മാറ്റിനിര്‍ത്തപ്പെടുന്ന ചിലരെ ഒഴികെ, ഭൂരിഭാഗം സിറ്റിങ് എംഎല്‍എമാരോടും മത്സരസജ്ജമാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

