കൊച്ചി: ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും വീടുകളിൽ ഇഡി പരിശോധന. പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വീടുകളിലും ഇഡി പരിശോധന നടത്തുകയാണ്. ഒരേ സമയം 17 ഇടകളിലാണ് റെയ്ഡുകൾ നടത്തുന്നത്. കസ്റ്റംസിന്റെ പരിശോധനയ്ക്ക് പിന്നാലെയാണ് സംഭവത്തിൽ ഇഡിയുടെ പരിശോധന.

മമ്മുട്ടിയുടെ എറണാകുളം പനമ്പള്ളി നഗറിലുള്ള വീട്ടിലാണ് ഇഡി പരിശോധന നടത്തുന്നത്.മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലും പരിശോധനയുണ്ട്. അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇഡി അറിയിച്ചു.
ഇന്ത്യയിലേക്ക് ഭൂട്ടാൻ/നേപ്പാൾ റൂട്ടുകളിലൂടെ ലാൻഡ് ക്രൂയിസർ, ഡിഫൻഡർ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും രജിസ്ട്രേഷനിലും ഏർപ്പെട്ടിരിക്കുന്ന ഒരു സിൻഡിക്കേറ്റിനെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നാണ് ഇഡി അറിയിച്ചത്.

കോയമ്പത്തൂർ ആസ്ഥാനമായുള്ള ശൃംഖല വ്യാജ രേഖകൾ ഉപയോഗിച്ചും അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ വ്യാജ ആർടിഒ രജിസ്ട്രേഷനുകളും ഉപയോഗിച്ചതായി പ്രാഥമികമായി കണ്ടെത്തി. പിന്നീട് വാഹനങ്ങൾ സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് കുറഞ്ഞ വിലയ്ക്ക് വിറ്റു. ഫെമയുടെ 3, 4, 8 വകുപ്പുകളുടെ ലംഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെത്തുടർന്ന് ഇഡി നടപടി ആരംഭിച്ചു. അനധികൃത വിദേശനാണ്യ ഇടപാടുകളും ഹവാല ചാനലുകൾ വഴിയുള്ള അതിർത്തി കടന്നുള്ള പണമടയ്ക്കലും ഇതിൽ ഉൾപ്പെടുന്നുവെന്നും ഇഡി അറിയിച്ചു.

അതേസമയം, ഓപ്പറേഷൻ നുംഖൂറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകിട്ടണമെന്ന നടൻ ദുൽഖർ സൽമാന്റെ ഹർജിയിൽ കസ്റ്റംസിന്റെ വാദം തള്ളി ഹൈക്കോടതി. ദുർഖറിന്റെ വാഹനം വിട്ടുനൽകുന്നത് പരിഗണിക്കാൻ ഹൈക്കോടതി നിർദേശം നൽകി. ദുൽഖറിന്റെ അപേക്ഷ പരിഗണിക്കണമെന്നും കോടതി കസ്റ്റംസിനോട് ആവശ്യപ്പെട്ടു.
