കൊച്ചി: പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ലഹരിമരുന്ന് കേസിലെ പ്രതി പിടിയിൽ. തൃശൂർ വടൂക്കര കൂർക്കഞ്ചേരി ഈരാറ്റുപറമ്പിൽ വീട്ടിൽ മുഹമ്മദ് ജാഷിറിനെയാണ് (31) പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂരിൽ നിന്ന് പ്രതി ലഹരിമരുന്നുമായി കൊച്ചിയിലേക്ക് വരുന്നുവെന്ന് ഡാൻസാഫ് സംഘത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നു.
തുടർന്ന് ചക്കരപ്പറമ്പ് കൊറ്റംകാവ് റോഡിന് സമീപം ഡാൻസാഫ് സംഘം പരിശോധന നടത്തുകയായിരുന്നു. ഡാൻസാഫ് സംഘം പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ ആക്രമിച്ചത്. ആക്രമണത്തിൽ താഴെ വീണ പൊലീസ് ഉദ്യോഗസ്ഥന് കാലിന് പൊട്ടലുണ്ട്. തുടർന്ന് മുഹമ്മദ് ജാഷിർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതിയിൽ നിന്ന് 52.80 ഗ്രാം എംഡിഎംഎ പിടികൂടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
അതേസമയം, കാറിൽ കടത്തിക്കൊണ്ട് വന്ന് സൂക്ഷിച്ചിരുന്ന 5.536 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി. സംഭവത്തിൽ ക്ലാപ്പന സ്വദേശി റോയ് (45), കുലശേഖരപുരം സ്വദേശി പ്രമോദ്കുമാർ (41) എന്നിവരെ അറസ്റ്റ് ചെയ്തു. കൊല്ലം ആലപ്പാട് സ്വദേശി നിധിനാണ് കേസിലെ മൂന്നാം പ്രതി. ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് എത്തിച്ച് പിന്നീട് കാറിൽ കടത്തിക്കൊണ്ട് വന്ന് സൂക്ഷിച്ചിരിക്കെയാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻറ് ആന്റീ നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷിജു.എസ്.എസ്, എക്സൈസ് ഇന്റലിജിൻസ് വിഭാഗവും സംയുക്തമായാണ് കേസ് കണ്ടെടുത്തത്. എക്സൈസ് സൈബർ സെല്ലിന്റെ സഹായത്താലാണ് പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്.