നടിയെ ആക്രമിച്ച കേസില്‍ വിധി പറയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് ഡബ്ല്യുസിസി. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗില് നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ് എന്ന തലക്കെട്ടിലാണ് ഡബ്ലുസിസിയുടെ പോസ്റ്റ്. അതിജീവിതയുടെ ധൈര്യത്തെയും പ്രതിരോധശേഷിയേയും പ്രകീര്‍ത്തിക്കുന്ന പോസ്റ്റ് മലയാള സിനിമാ മേഖലയില്‍ ഈ പ്രതിരോധം ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചും ഓര്‍മിപ്പിക്കുന്നുണ്ട്.

ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്ന വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് പോസ്റ്റിന്റെ തുടക്കം. അവള് തുറന്നുവിട്ട പ്രതിരോധം ബാധിച്ചത് സിനിമയിലെ സ്ത്രീകളെ മാത്രമല്ല സിനിമ വ്യവസായത്തേയും കേരളക്കരയെ ഒന്നാകെയുമാണെന്ന് ഡബ്ല്യുസിസി കുറിച്ചു. ആ പ്രതിരോധം നമ്മുടെ സമൂഹ മനസാക്ഷിയെ പൊളിച്ചെഴുതിയെന്നും മാറ്റത്തിനായി ശബ്ദമുയര്‍ത്തിയെന്നും പോസ്റ്റിലുണ്ട്.
നിയമസംവിധാനത്തിലുള്ള വിശ്വാസം കൈവിടാതെ അവള് കാണിച്ച ധൈര്യത്തിനും പ്രതിരോധത്തിലും സമാനതകളില്ലെന്ന് ഡബ്ല്യുസിസി ഫേസ്ബുക്കില്‍ കുറിച്ചു. അവളുടെ പോരാട്ടം എല്ലാ അതിജീവിതകള്‍ക്കും വേണ്ടിയുള്ളതാണെന്നും തങ്ങള്‍ അവളോടൊപ്പവും മറ്റെല്ലാ അതിജീവിതമാര്‍ക്കും ഒപ്പമാണെന്നും ഡബ്ലുസിസിയുടെ പോസ്റ്റിലുണ്ട്.

നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ സിനിമയിലെ സ്ത്രീകളുടെ സുരക്ഷയും അവകാശ സംരക്ഷണവും മലയാള സിനിമാ രംഗത്ത് കാലങ്ങളായി തുടര്‍ന്ന് വന്ന ആണ്കോയ്മയും ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ഡബ്ല്യുസിസി രൂപംകൊള്ളുന്നത്. അന്ന് ഡബ്ല്യുസിസി ഫേസ്ബുക്കില്‍ പങ്കുവച്ച അവള്‍ക്കൊപ്പമെന്ന ഹാഷ്ടാഗ് കേരളമാകെ ചര്‍ച്ചയാകുകയും അതിജീവിതയോടുള്ള ഐക്യപ്പെടല്‍ സൂചിപ്പിക്കുന്ന ഏറ്റവും ശക്തമായ വാക്കായി അത് നാടാകെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ ഏറ്റവുമധികം കോളിളക്കമുണ്ടാക്കിയ കേസുകളില്‍ ഒന്നായ നടിയെ ആക്രമിച്ച കേസിന്റെ വിധി വരാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി.

