തൃശ്ശൂർ: ജാതീയ പരാമർശം നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ജാതിവ്യവസ്ഥ നിലനിന്നിരുന്ന കാലത്തെ രീതികളെ പാരമ്പര്യമാണെന്ന് അഭിമാനത്തോടെയാണ് സുരേഷ് ഗോപി വിശേഷിപ്പിച്ചത്. ജാതി വ്യവസ്ഥയുടെ ഭാഗമായി മണ്ണിൽ കുമ്പിൾ കുത്തി കഞ്ഞി വിളമ്പിയിരുന്നതിനെ അഭിമാനത്തോടെ പൊതുവേദിയിൽ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് ദിവസം മുൻപ് ഇരിഞ്ഞാലക്കുടയിൽ നടന്ന സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിനിടെയാണ് ജാതിയ പരാമർശം നടത്തിയത്. ഇത് പാരമ്പര്യത്തിന്റെ ഭാഗമായിരുന്നെന്നും അഭിമാനപൂർവ്വം സുരേഷ് ഗോപി പറഞ്ഞു.
ഇരിഞ്ഞാലക്കുടയിലെ പ്രദേശിക മാധ്യമങ്ങൾ പുറത്ത് വിട്ട ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചക്കാണ് വഴിയൊരുക്കിയത്. കൊല്ലത്തെ ‘വലിയ മുതലാളിമാർ’ പോലും ചടങ്ങിന്റെ ഭാഗമായി ‘കീഴ് ജാതിക്കാർ’ക്കൊപ്പം കഞ്ഞി കുടിക്കുമായിരുന്നു എന്ന പരാമർശവും സുരേഷ് ഗോപി നടത്തി.

ശ്രീനാരായണ ഗുരുവിന്റെയും, മഹാത്മാ അയ്യങ്കാളിയുടെയും കാലത്ത് കേരളം ഒന്നടങ്കം തള്ളിക്കളഞ്ഞ ജാതിചിന്തകളാണ് അഭിമാനപൂർവ്വം സുരേഷ് ഗോപി ഏറ്റു പിടിക്കുന്നതെന്ന് വലിയ വിമർശനം ഉയരുന്നുണ്ട്.

