കല്പറ്റ: ജമാഅത്തെ ഇസ്ലാമി സിപിഎമ്മിന്റെ കൂടെ നില്ക്കുമ്പോള് മതേതരവും കോണ്‍ഗ്രസിന്റെ കൂടെ നില്ക്കുമ്പോള് വര്‍ഗീയവുമാകുന്നതെങ്ങനെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത് വെല്‍ഫയര്‍ പാര്‍ട്ടിയാണെന്നും സതീശന് വ്യക്തമാക്കി. കല്പറ്റയില് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമാഅത്തെ ഇസ്ലാമിയുമായി യാതൊരു ബന്ധവുമില്ലെന്നും പിറകെ പോയിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. ഹിറാ സെന്ററില്‍ വച്ച് ജമാഅത്തെ ഇസ്ലാമിയുടെ അമീറും പിണറായി വിജയനും കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രവും പിണറായിയുടെ പ്രസ്താവനയും പരാമര്‍ശിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
1977 മുതല്‍ 2019 വരെ ജമാഅത്തെ ഇസ്ലാമി എല്‍ഡിഎഫിനൊപ്പമായിരുന്നുവെന്നും 2006 മുതല്‍ 2011 വരെ നിരവധി സര്‍ക്കാര്‍ കമ്മിറ്റികളില്‍ അവരുടെ നേതാക്കളുണ്ടായിരുന്നുവെന്നും വി ഡി സതീശന് പറഞ്ഞു.

മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് പച്ചക്കള്ളമാണെന്നും കോണ്‍ഗ്രസിന്റെ കൂടെ നില്ക്കുമ്പോള് മാത്രമാണ് ജമാഅത്തെ ഇസ്ലാമി വര്‍ഗീയമാകുന്നതെന്നും അതെങ്ങനെയാണെന്നും സതീശന് ചോദിച്ചു.

