കൊച്ചി: കേരളം ഉറ്റുനോക്കിയ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ആശ്വാസം. കേസിൽ ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി. എട്ട് വർഷങ്ങൾ നീണ്ട വിചാരണ നടപടികൾക്കൊടുവിലാണ് ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയത്. കേസിൽ ദിലീപ് അടക്കം ഒൻപത് പ്രതികളാണ് ഉണ്ടായിരുന്നത്. പത്ത് പേരാണ് ആദ്യം പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നതെങ്കിലും, ഒരാളെ കേസിൽ കുറ്റവിമുക്തനാക്കുകയായിരുന്നു.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നതടക്കമുള്ള കുറ്റങ്ങൾ പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. എന്നാൽ, ഇക്കാര്യങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടി ഉത്തരവിൽ വ്യക്തമാക്കി.
അതേസമയം, കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ. പൾസർ സുനി,മാർട്ടിൻ ആന്റണി, മണികണ്ഠൻ, വി പി വിജീഷ്, എച്ച് സലിം, പ്രദീപ് എന്നിവരാണ് കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരുന്നത്.

വിധി കേൾക്കാൻ ദിലീപ് അടക്കമുള്ള കേസിലെ പ്രതികൾ രാവിലെ തന്നെ കോടതിയിൽ എത്തിയിരുന്നു. ദിലീപ് ഉടൻ തന്നെ മാധ്യമങ്ങളെ കാണുമെന്നാണ് അദ്ദേഹത്തിനോട് അടുത്തുള്ള വൃത്തങ്ങൾ നൽകുന്ന വിവരം.
