തിരുവനന്തപുരം: എ.കെ ബാലന്റെ പ്രസ്താവനയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാറാട് കലാപം ഓർമ്മിപ്പിക്കുകയാണ് എ.കെ ബാലൻ ചെയ്തതെന്നും ഏതു വർഗീയതയും നാടിന് ആപത്താണെന്ന നിപാടാണ് എൽഡിഎഫിന്റേതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

“ഇന്നത്തെ കേരളം നമ്മുടെ രാജ്യത്തിനു മുന്നിൽ മാതൃകയാണ്. വർഗീയ സംഘർഷങ്ങളില്ല, വർഗീയ കലാപങ്ങളില്ല. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ ചിത്രം കേരളത്തിലുണ്ടായിരുന്നു. അതാണ് എ.കെ ബാലൻ ഓർമ്മിപ്പിച്ചത് എന്നാണ് കരുതുന്നത്. അതിനിഷ്ഠൂരമായ കലപമായിരുന്നു മാറാട് കലാപം. ആ കലാപം നടന്നതിനു ശേഷം അന്നത്തെ മുഖ്യമന്ത്രി ആ പ്രദേശം സന്ദർശിക്കാൻ പോയി. നിങ്ങളുടെ കൂടെ അന്നത്തെ മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി വരാൻ പാടില്ലെന്ന് ആർഎസ്എസ് സംഘം നിബന്ധനവെച്ചു.
കോഴിക്കോട് ഗസ്റ്റ് ഹൗസിൽ എ.കെ ആന്റണി പോകുമ്പോൾ കുഞ്ഞാലിക്കുട്ടിയെ കൂടെക്കൂട്ടിയില്ല. അവരുടെ അനുവാദം വാങ്ങുന്ന അവസ്ഥയായിരുന്നു ഉണ്ടായത്. എന്താണ് അത് വ്യക്തമാക്കുന്നത്. എന്തുകൊണ്ടാണ് കേരളത്തിലെ ഒരു മുഖ്യമന്ത്രി അങ്ങനെയൊരു നിലപാടെടുത്തത്. അതാണ് യുഡിഎഫിന്റെ രീതി. യുഡിഎഫ് വർഗീയതയെ എങ്ങനെ സമീപിക്കുന്നു എന്നതാണ് പ്രശ്നം. അതിന്റെ ഉദാഹരണമാണ് അവിടെ കാണാൻ പറ്റിയത്,” എന്ന് മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫിന്റെ നിലപാടുകളുടെ ഭാഗമായാണ് വർഗീയ പ്രശ്നങ്ങൾ ആളിക്കത്തുന്ന നിലയുണ്ടായതെന്നും വർഗീയ സംഘർഷങ്ങൾ വ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “വർഗീയ സംഘർഷങ്ങളെ നേരിടുന്നതിൽ കൃത്യതയാർന്ന നിലപാട് അന്ന് യുഡിഎഫിന് സ്വീകരിക്കാൻ സാധിച്ചിരുന്നില്ല. അതേ വർഗീയ ശക്തികൾ കേരളം വിട്ടുപോയിട്ടൊന്നും ഇല്ല. പക്ഷെ അവർക്ക് അഴിഞ്ഞാടാൻ കഴിയുന്നില്ല. അവർ തലപൊക്കാൻ ശ്രമം നടത്തിയാൽ, കർക്കശമായ നീക്കങ്ങളിലൂടെ നേരിടുന്നതാണ് ഇന്നത്തെ സർക്കാരിന്റെ രീതി. അതാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം. ഏതു വർഗീയതയോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ്. ഏതു വർഗീയതയും നാടിനാപത്ത് എന്ന നിലപാടാണ് സ്വീകരിച്ചുപോകുന്നതെന്ന്,” മുഖ്യമന്ത്രി വ്യക്തമാക്കി.

‘അതിന്റെ ഭാഗമായി, യുഡിഎഫ് ഈ പറയുന്ന തരത്തിൽ ഒരു നിലയുണ്ടായൽ എന്താകും സ്ഥിതിയെന്നാണ് എ.കെ ബാലൻ പറയാൻ ശ്രമിച്ചതെന്നാണ് ഞാൻ വിശ്വസിക്കുന്നതെന്നും,’ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ അനുഭവം ചൂണ്ടിക്കാണിക്കുന്നത് എങ്ങനെയാണ് ഭൂരിപക്ഷ വോട്ട് കേന്ദ്രീകരിക്കൽ ആവുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. അത് ന്യൂനപക്ഷ വർഗീയതയുടെ ഭാഗമായി നിലകൊള്ളുന്ന ജമാഅത്തെ ഇസ്ലാമിയുടെ പ്രചരണ രീതിയാണ്. ആ പ്രചരണത്തിലൂടെ അവർ ഉദ്ദേശിക്കുന്നത്, ‘ഞങ്ങൾക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ അത് ഭൂരിപക്ഷ വർഗീയതയുടെ പ്രീണനം ആണ്’ എന്ന് സ്ഥാപിക്കലാണ്. ഏതു വർഗീയതയെ പറയുമ്പോഴും ആ വർഗീയതയെ ആണ് എതിർക്കുന്നത്. ഒരു ജനവിഭാഗത്തെയല്ലാ, എന്നും മുഖ്യമന്ത്രി പറഞ്ഞു.
