കൊച്ചി: വായ്പാ തട്ടിപ്പ് കേസില്‍ നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെ വിശദമായി ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പന്ത്രണ്ട് മണിക്കൂറോളമാണ് അന്‍വറിനെ ഇഡി ചോദ്യം ചെയ്തത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ കൊച്ചിയിലെ ഇഡി ഓഫീസില്‍ എത്തിയ അന്‍വര്‍ രാത്രി പത്ത് മണിയോടെയാണ് മടങ്ങിയത്.

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട വായ്പാ തട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറിനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നത്. പ്രത്യേക ചോദ്യാവലി തയ്യാറാക്കി വിശദമായ ചോദ്യം ചെയ്യലായിരുന്നു ഇഡിയുടേത്. അന്‍വറിന്റെയും സഹായി സിയാദിന്റെയും വിശദമായ മൊഴി രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.
കെഎഫ്സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വായ്പ ദുരുപയോഗം ചെയ്തെന്ന് ഇഡി നടത്തിയ റെയ്ഡില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പി വി അൻവറിന് നോട്ടീസ് നല്‍കിയത്. കെഎഫ്സിയില് നിന്ന് പന്ത്രണ്ട് കോടി രൂപ വായ്പ അന്‍വറിന്റെ ഡ്രൈവറുടെയും ബന്ധുക്കളുടെയും പേരുകളിലുള്ള ബിനാമി സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചെന്നാണ് ആരോപണം.

ഒരേ വസ്തു തന്നെ പണയംവെച്ച് വിവിധ ഘട്ടങ്ങളിലായി വായ്പ അനുവദിക്കുകയായിരുന്നു. കെഎഫ്സിയില് നിന്നെടുത്ത വായ്പകള്‍ പിവിആര്‍ ടൗണ്‍ഷിപ് പദ്ധതിക്കായാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അന്‍വറിന്റെ ബെനാമികളെയടക്കം ഇഡി ചോദ്യം ചെയ്തു. ഇവരില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്‍വറിന് സമന്‍സയച്ചത്.

