ഭാവഗായകന് പി ജയചന്ദ്രന് ഓര്‍മയായിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. ഹൃദയം കവര്‍ന്ന നിത്യസുന്ദരഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച മഹാഗായകനായിരുന്നു പി ജയചന്ദ്രന്. ഒരു അനുരാഗഗാനം പോലെ ആരും അലിഞ്ഞുപോകുന്നതായിരുന്നു ആ സ്വരം. ഭാവതീവ്രമായ ആ സ്വരമാധുരി സംഗീതനദിയായി തഴുകി, വൈകാരികതയില്‍ മുങ്ങിത്തോര്‍ത്തി ഓരോ മനസിലും ഹര്‍ഷബാഷ്പം വീഴ്ത്തി.

ശ്രുതിശുദ്ധമായ ആ സ്വരം പാലപ്പൂവിലും മലര്‍വാകക്കൊമ്പത്തുമെല്ലാം മലയാളിക്കൊപ്പം പൂനുള്ളാന് കൂടെപ്പോന്നു. കണ്ണില്‍ കാശിത്തുമ്പകളെ കാണിച്ച് അതേ ശബ്ദം നമ്മുടെ കൗമാരങ്ങളെ വിസ്മയിപ്പിച്ചു. ഹൃദയത്തെ ആര്‍ദ്രമാക്കുന്നതായിരുന്നു ആ ആലാപനം.
പ്രണയവും വിരഹവും ഭക്തിയും താരാട്ടുമെല്ലാം ചന്ദനത്തില്‍ കടഞ്ഞെടുത്ത ആ മോഹനരാഗത്തില്‍ അലിഞ്ഞു. കേട്ടാലും കേട്ടാലും മതിവരാത്ത നിത്യസുന്ദരഗാനങ്ങളായിരുന്നു എല്ലാം. ആറു പതിറ്റാണ്ടോളം മലയാളി ജീവിതത്തില്‍ ഒരു കുളിര്‍കാറ്റുപോലെ നിറഞ്ഞുനിന്നു ആ സ്വരം.

പൊട്ടിത്തെറിച്ചും പിണങ്ങിയും ചിലപ്പോള്‍ കൊച്ചുകുട്ടികളെപ്പോലെ പരിഭവിച്ചു. പക്ഷേ മൈക്കിനു മുന്നിലെത്തിയാല്‍ താരാട്ടും പ്രണയവും ഒഴുകി. സ്മൃതി തന് ചിറകിലേറി ഭാവഗായകന് നമുക്കിടയില്‍ തന്നെ ഇന്നും ജീവിക്കുന്നു. നിത്യഹരിതമായ ആ ഗാനങ്ങള്‍ ഗായകനെ അനശ്വരനായി തന്നെ നിലനിര്‍ത്തും.

