കൊച്ചി: മധ്യതിരുവിതാംകൂറില്‍ താമര വിരിയിക്കാന്‍ രണ്ടുഗവര്‍ണര്‍മാരെ കളത്തിലിറക്കാന്‍ ബിജെപി. ഗോവ ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞ പി എസ് ശ്രീധരന്‍പിള്ളയെയും മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെയും സ്ഥാനാര്‍ഥികളാക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നതായി ശ്രീധരന് പിള്ള പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്ന് ഇരുനേതാക്കളും പറയുന്നു.

ശ്രീധരൻ പിള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരോ തിരുവല്ലയിലോ മത്സരിക്കാനാണ് സാധ്യത. കൂടുതല്‍ സാധ്യത ചെങ്ങന്നൂരിലാണ്. ചെങ്ങന്നൂരില്‍ 2016ല്‍ ശ്രീധരന്‍പിള്ള മത്സരിച്ചപ്പോഴാണ് ബിജെപിക്ക് കൂടുതല്‍ വോട്ട് നേടാനായത്.
അത്തവണ 42, 682 വോട്ടുകള്‍ ബിജെപി നേടിയിരുന്നു. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസുമായി താരതമ്യം ചെയ്യുമ്പോള്‍ വോട്ട് വ്യത്യാസം 2,215 മാത്രമായിരുന്നു. ഇത്തവണ ശ്രീധരന്‍പിള്ള മത്സരിച്ചാല്‍ മണ്ഡലം പിടിക്കാനാകുമെന്ന് ബിജെപി പ്രതിക്ഷിക്കുന്നു.

കുമ്മനം ആറന്മുളയിൽ മത്സരിക്കാനാണ് സാധ്യത.നേരത്തെ മുതല്‍ ആറന്മുള മണ്ഡലത്തില്‍ സജീവമാണ് കുമ്മനം. ആറന്മുള സമരനായകന് എന്ന പ്രതിച്ഛായ അനുകൂലമാകുമെന്നും ബിജെപി കരുതുന്നു. 2016ല്‍ എം ടി രമേശ് മത്സരിച്ചപ്പോല്‍ 37,000ലധികം വോട്ടുകള്‍ ബിജെപി നേടിയിരുന്നു. ഇത്തവണ കുമ്മനം കൂടി മത്സരരംഗത്ത് എത്തുന്നതോടെ ആറന്മുളയില് ശക്തമായ ത്രികോണമത്സരം ഉറപ്പാകും.

