പത്തനംതിട്ട: തിരുവല്ല നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ എൻ എം രാജുവിൽ നിന്ന് രണ്ട് കോടി രൂപ വാങ്ങിയെന്ന ആരോപണത്തിൽ സിപിഎം നേതാവ് കെ പി ഉദയഭാനുവിനെതിരെ നിയമനടപടിക്ക് ഒരുങ്ങി ആൻ്റോ ആൻ്റണി എംപി. തനിക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ നൂറ് ശതമാനം വ്യാജവും വസ്തുതാവിരുദ്ധവുമാണെന്ന് അദ്ദേഹം പത്തനംതിട്ടയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി തന്ത്രി കണ്ഠരര് രാജീവര് എൻ എം രാജുവിൻ്റെ ധനകാര്യ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചിരുന്നുവെന്നും സ്ഥാപനം പൊട്ടിയപ്പോൾ താൻ പിൻവലിച്ചു എന്നും സിപിഎം സംസ്ഥാന സമിതി അംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ കെ പി ഉദയഭാനു നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഉദയഭാനു പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞുവെന്നും ആദ്യ ആരോപണം പൊളിഞ്ഞപ്പോള്‍ നിക്ഷേപ തട്ടിപ്പ് കേസില്‍ ജയിലില്‍ കിടന്ന രാജുവിൻ്റെ പുതിയ ആരോപണവും ഏറ്റെടുത്ത് വരികയാണെന്നും ആൻ്റോ ആൻ്റണി പറഞ്ഞു. രാജു ഇപ്പോൾ എല്‍ഡിഎഫ് ഘടകകക്ഷിയില്‍ പെട്ട ആളാണ്. രണ്ട് കോടി വാങ്ങിയെന്നു രാജു പറഞ്ഞത് വ്യാജ ആരോപണമാണ്.
കെ പി ഉദയഭാനുവോ എൻ എം രാജുവോ താൻ രണ്ടുകോടി വാങ്ങിയതിൻ്റെ രേഖ പുറത്തുവിടണം. ഒരുപാട് സത്യങ്ങള്‍ പുറത്തു വരാനുണ്ട്. മന്ത്രി വീണാ ജോർജ് കാത്തിരിക്കണമെന്നും ആൻ്റോ ആൻ്റണി മുന്നറിയിപ്പ് നൽകി.

12 വർഷം മുൻപ് സോണിയ ഗാന്ധിയെ കാണാൻ പോറ്റിക്ക് അവസരം ഒരുക്കിയത് താൻ അല്ല, കർണാടകയില്‍ നിന്നുള്ള നേതാക്കളാണ്. എസ്ഐടി അത് കണ്ടെത്തിയിട്ടുണ്ട്. സ്വർണക്കൊള്ളയില്‍ സിപിഎമ്മിന് പങ്കുണ്ടെന്നും കുറ്റപത്രം വരുമ്പോള്‍ മനസ്സിലാകുമെന്നും ആൻ്റോ വ്യക്തമാക്കി.

