
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനിലാ മുന്നറിയിപ്പ് തുടരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പിലുളളത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്.
അതേസമയം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചതിനാൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ കിട്ടിയേക്കാനും സാദ്ധ്യതയുണ്ട്. ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും സാദ്ധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറി.
അടുത്ത 24 മണിക്കൂർ വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയിൽ മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യൂനമർദ്ദം തുടർന്നുള്ള 24 മണിക്കൂറിൽ വടക്കു -വടക്കു കിഴക്ക് ദിശയിൽ സഞ്ചരിച്ച് ശക്തി കുറയാനും സാദ്ധ്യതയുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
