തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമസമിതി പുറത്തിറക്കുന്ന ശിശുദിന സ്റ്റാമ്പില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി വരച്ച മാതൃ-പിതൃ സ്നേഹക്കരുതല്‍ മുഖപടമാകും. കോഴിക്കോട് ഫറൂഖ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വി.കെ. വൈഗ വരച്ച ചിത്രമാണ് സ്റ്റാമ്പിനായി തെരഞ്ഞെടുത്തത്.

‘സനാഥബാല്യം, സംരക്ഷിതബാല്യം’ എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാനതലത്തില്‍ നടത്തിയ ചിത്രരചനാ മത്സരത്തിലൂടെയാണ് വൈഗയുടെ ചിത്രം തിരഞ്ഞെടുത്തതെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപി അറിയിച്ചു.
കൊത്തിപ്പറക്കാന് തുനിയുന്ന കഴുകനില്‍നിന്ന് തന്റെ കുഞ്ഞുങ്ങളെ ചിറകിനുള്ളിലൊതുക്കി സംരക്ഷിക്കുന്ന അമ്മക്കോഴിയെയും എന്തിനെയും ചെറുക്കാനായി നില്ക്കുന്ന പൂവന്കോഴിയെയുമാണ് വൈഗ മനോഹരമായി വരച്ചത്. കോഴിക്കോട് ഫറൂക്ക് പെരുമുഗം നല്ലൂര് വൈഗ നിവാസില്‍ ചിത്രകാരന് വി കെ അനീഷിന്റെയും കോഴിക്കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജീവനക്കാരി കെ പി ഷിബിയുടെയും മകളാണ് വൈഗ.

14-ന് രാവിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ശിശുദിന സ്റ്റാമ്പിന്റെ പ്രകാശനം നിര്‍വഹിക്കും. ചടങ്ങില്‍ വൈഗയ്ക്കും ഫറോക്ക് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനും പുരസ്കാരങ്ങള്‍ നല്‍കുമെന്നും ജി എല്‍ അരുണ്‍ ഗോപി അറിയിച്ചു.

