തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 14 കാരിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. അരങ്കമുകൾ സ്വദേശി പ്രബോധ് ചന്ദ്രനാണ് പിടിയിലായത്. ജെ ജെ ആക്റ്റ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം കുട്ടിയെ മർദിച്ചതിനും തെറി വിളിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

ഭാര്യയെ മർദിച്ചതിനും കേസ് എടുത്തിട്ടുണ്ട്. ഒൻപതാം ക്ലാസുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
സ്ഥിരം മദ്യപാനിയായ പിതാവ് അസഭ്യം പറയുകയും പൊതുവഴിയിൽ വെച്ച് മർദിക്കുകയും അമ്മയെയും തന്നെയും വീട്ടിൽ നിന്നും ഇറക്കി വിടാറുണ്ടെന്നുമാണ് പെൺകുട്ടി നൽകിയ മൊഴി. വീട്ടിൽ പൂട്ടിയിട്ട് മർദിച്ചെന്നും പെൺകുട്ടി പറഞ്ഞു. പെൺകുട്ടിയുടെ മുഖത്തുൾപ്പടെ മർദനമേറ്റ പാടുകളുണ്ട്.

പിതാവ് നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ക്ലീനിങ് ലോഷൻ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റി. പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

