കൊച്ചി: കൊച്ചി കോര്പ്പറേഷന് മേയര്‍ പദവി ലഭിക്കാന്‍ തന്നെ ലത്തീന്‍ സഭ പിന്തുണച്ചുവെന്ന് വി കെ മിനിമോള്‍. കൊച്ചി മേയര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് ഏറെ അനിശ്ചിതത്വങ്ങളും ഭിന്നാഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിയായ ദീപ്തി മേരി വര്‍ഗീസിന്റെ പേരാണ് മേയര്‍ സ്ഥാനത്തേക്ക് യുഡിഎഫ് തുടക്കത്തില്‍ ഉയര്‍ത്തിക്കാണിച്ചിരുന്നതെങ്കിലും പിന്നീട് മിനിമോളെ മേയറാക്കുകയായിരുന്നു. ലത്തീന്‍ സഭയുടെ പിന്തുണയിലാണ് മിനിമോള്‍ മേയര്‍ ആയത് എന്ന തരത്തില്‍ പ്രചാരണമുണ്ടായിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് മിനി മോളിന്റെ പരാമര്‍ശം.

‘ഞാന്‍ ഇവിടെ നില്ക്കുന്നുണ്ടെങ്കില് അത് ലത്തീന്‍ സമുദായത്തിന്റെ ഉറച്ച ശബ്ദം കൊണ്ടാണ്. ലത്തീന്‍ സമുദായത്തിന്റെ ഉറച്ച ശബ്ദം സമുദായത്തിനായി സമൂഹത്തില്‍ ഉയര്‍ന്നതിന്റെ തെളിവാണ് തന്റെ കൊച്ചി മേയര്‍ പദവി. അര്‍ഹതയ്ക്ക് അപ്പുറമുള്ള പല സ്ഥാനങ്ങളും തീരുമാനിക്കുമ്പോള്‍ അതിലേക്ക് ഒരു ശബ്ദം ഉയര്‍ത്താന്‍ നമ്മുടെ സംഘടനാശക്തിക്ക് സാധിച്ചു എന്നതിന്റെ വ്യക്തമായ തെളിവാണിത്.
എനിക്ക് വേണ്ടി പിതാക്കന്മാര് സംസാരിച്ചു.’ – കേരള റീജിയന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ജനറല്‍ അസംബ്ലിയില്‍ മേയര്‍ പറഞ്ഞു. സഭാ നേതാക്കള്‍ക്ക് നന്ദി പറഞ്ഞ മിനിമോള്‍ സംഘടനാ ശക്തിയുടെ തെളിവാണിതെന്നും വ്യക്തമാക്കി.

അതേസമയം വി കെ മിനിമോളുടെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന് കെആര്‍എല്‍സിസി അധ്യക്ഷന്‍ വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു. മിനിമോള്‍ക്ക് സഭ പിന്തുണ നല്കിയിട്ടുണ്ടാകും. അത് തെറ്റാണെന്ന് തോന്നുന്നില്ല. ഒരാള്‍ വളര്‍ന്നു വരാന്‍ പിന്തുണ നല്‍കുന്നതാവാമെന്നും അദ്ദേഹം പറഞ്ഞു. സമുദായത്തിന് അര്‍ഹതപ്പെട്ട പ്രാതിനിധ്യത്തിനായി സംസാരിച്ചിട്ടുണ്ടാകാം എന്നാല്‍ സമ്മര്‍ദ നീക്കമല്ല എന്നായിരുന്നു കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് പ്രസിഡന്റ് ഷെറി ജെ തോമസിന്റെ പ്രതികരണം.

