മലപ്പുറം: കാക്കഞ്ചേരി കിന്‍ഫ്ര ടെക്നോ പാര്‍ക്കില്‍ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. കായിക മന്ത്രി വി. അബ്ദുറഹ്മാനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക് സ്വന്തം നാട്ടില്‍ അന്താരാഷ്ട്ര നിലവാരമുള്ള തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നതിന് ഇത്തരം കേന്ദ്രങ്ങള്‍ സഹായകരമാണെന്ന് മന്ത്രി പറഞ്ഞു. മികച്ച വ്യവസായ സൗകര്യങ്ങളും മനുഷ്യവിഭവശേഷിയും കേരളത്തില്‍ ആഗോള സ്ഥാപനങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷമൊരുക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

യു എ ഇ ആസ്ഥാനമായ എം.എസ്. ഹോള്ഡിഗ്സാണ് സെന്റര്‍ ആരംഭിച്ചത്. വടക്കന്‍ കേരളത്തിലെ ആദ്യ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററാണിത്.
സാങ്കേതികവിദ്യ, ധനകാര്യ ഗവേഷണം-വികസനം എന്നിവ ഉള്‍പ്പെടുന്ന ആഗോള ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രമാണ് പ്രവര്‍ത്തനമാരംഭിച്ചത്. എം.എസ് ഹോള്‍ഡിഗ്സിന്റെ രാജ്യാന്തര ബിസിനസകളുടെ വേദിയായി ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍ മാറും.

ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍ മുഖേന കേരളത്തെ ആഗോള സേവന കേന്ദ്രമായി വികസിപ്പിക്കാനാണ് എം.എസ്. ഹോള്‍ഡിഗ്സ് ലക്ഷ്യമിടുന്നത്. പ്രാദേശികമായി ലഭ്യമായ കഴിവുറ്റ പ്രൊഫഷണലുകളെ ആഗോള ബിസിനസ് പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് കേന്ദ്രത്തിന്റെ പ്രധാന ദൗത്യം.

