തിരുവനന്തപുരം: കൃഷി വകുപ്പിന്റെ വൈഗ കാർഷിക പ്രദർശനമേളയ്ക്ക് നാളെ തുടക്കമാകും. വൈഗ ഫെസ്റ്റിന്റെ 7-ാമത് പതിപ്പിനാണ് നാളെ തിരുവനന്തപുരം ആനയറയിൽ തുടക്കമാകുക. ഫെസ്റ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി പി പ്രസാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഫെബ്രുവരി 11 മുതൽ 16 വരെയാണ് കാർഷിക പ്രദർശനമേള നടക്കുക. കാർഷിക ഉത്പന്നങ്ങളുടെ വിപണനവും സംസ്കരണവും ലക്ഷ്യമിട്ട് കൃഷി വകുപ്പ് ആരംഭിച്ച ഫെസ്റ്റാണ് വൈഗ. ഇത്തവണ 250 ഓളം സ്റ്റാളുകൾ കാർഷിക പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പി പ്രസാദ് അറിയിച്ചു.
വിവിധ സെഷനുകളും സെമിനാറുകളും ഫെസ്റ്റിന്റെ ഭാഗമായി നടക്കും. ഡിപിആർ ക്ലിനിക്കും മേളയിൽ ഉണ്ടാകും. കാർഷിക സംരംഭങ്ങൾ ആരംഭിക്കുന്നവർക്കുള്ള മാർഗ നിർദ്ദേശവും സാങ്കേതിക സഹായവും ക്ലിനിക്കിൽ നിന്ന് ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം നെല്ല് സംഭരണ ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര നിർദ്ദേശത്തെ കേരളം പൂർണമായും തള്ളിക്കളയുന്നതായി മന്ത്രി കൂട്ടിച്ചേർത്തു. കത്തിലെ പല കാര്യങ്ങളും നമുക്ക് അംഗീകരിക്കാൻ കഴിയാത്തതാണ്. കേരളത്തിന്റെ കാർഷിക മേഖലയെ പരമാവധി സഹായിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു.

കേന്ദ്രം ഇത്തരം കത്തുകൾ അയക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൃഷി സംസ്ഥാനത്തിന്റെ വിഷയമാണ്. ഇക്കാര്യങ്ങൾ വ്യക്തമാക്കി കേന്ദ്രത്തിന് കൃഷി വകുപ്പ് കത്തയച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി പറഞ്ഞു.
