ആലപ്പുഴ: സംസ്ഥാനത്ത് ആദ്യമായി തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ്ഐആര്‍) സംബന്ധിച്ച എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ ആദ്യ ജില്ലയായി ആലപ്പുഴ. ജില്ലാ കളക്ടറാണ് പുതിയ നേട്ടം കൈവരിച്ച കാര്യം അറിയിച്ചത്. എസ്ഐആര്‍ കരട് വോട്ടര്‍ പട്ടികയില്‍ ജില്ലയില്‍ ഉള്‍പ്പെട്ടിരുന്ന 16.16 ലക്ഷം വോട്ടര്‍മാരില്‍ 14.71 ലക്ഷം പേരെ 2002 ലെ വോട്ടര്‍ പട്ടികയുമായി വിജയകരമായി ബന്ധിപ്പിച്ചു.

കൂടാതെ 2002 ലെ പട്ടികയുമായി ബന്ധപ്പെടുത്താൻ കഴിയാതിരുന്ന 1,45,411 വോട്ടര്‍മാരുടെയും വിവരങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്ന 1,10,683 വോട്ടര്‍മാരുടെയും ഹിയറിംഗ് നടത്തി രേഖകള്‍ പരിശോധിച്ച് അപ്ലോഡ് ചെയ്ത് എസ്ഐആര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു.
പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം 16,12,110 പേർ അന്തിമ വോട്ടര്‍ പട്ടികയിലേക്ക് യോഗ്യത നേടി. മരണപ്പെട്ടതും താമസം മാറിയതും മറ്റ് കാരണങ്ങളാലും അയോഗ്യരാക്കപ്പെട്ടത് 4,438 വോട്ടര്‍മാരാണ്. പുതുതായി അപേക്ഷിക്കുന്ന വോട്ടര്‍മാരെയും കൂടി ഉള്‍പ്പെടുത്തി ഫെബ്രുവരി 21ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.

ജില്ലയിലെ ബിഎല്‍ഒമാര്‍, ബില്‍ഒ സൂപ്പര്‍വൈസര്‍മാരായ വില്ലേജ് ഓഫീസര്‍മാര്‍, അഡീഷണല്‍ എഇആര്ഒമാരായ ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, എഇആര്ഒമാരായ തഹസില്‍ദാര്‍മാര്‍, ഇആര്‍ഒമാരായ ഡെപ്യൂട്ടി കളക്ടര്‍മാര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കി ദിവസേന പുരോഗതി വിലയിരുത്തിയാണ് നമുക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് കളക്ടര്‍ വ്യക്തമാക്കി.

