ന്യൂഡല്‍ഹി: കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെച്ചൊല്ലി ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ, കെ സി വേണുഗോപാൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പദവി ഒഴിഞ്ഞ് സംസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് റിപ്പോർട്ടുകൾ. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ പുനഃസംഘടന ഉണ്ടാകുമെന്നാണ് സൂചന. പാർട്ടിയിലെ അഴിച്ചുപണിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് ആസ്ഥാനത്ത് ഊർജ്ജിതമായ ചർച്ചകളാണ് നടക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍.

അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്, കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക ലക്ഷ്യമിട്ട് കെ സി വേണുഗോപാല്‍ കൂടി എത്തുന്നത്. സംസ്ഥാനത്ത് നിരവധി നേതാക്കള്‍ പാര്‍ട്ടിക്ക് ഇപ്പോഴുണ്ടെന്ന് പറയുമ്പോഴും, യുഡിഎഫ് വിജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനും കണ്ണുണ്ടെന്നാണ് കോണ്‍ഗ്രസ് അകത്തളങ്ങളിലെ വര്‍ത്തമാനം. കേരളത്തിലെ പാര്‍ട്ടി പുനഃസംഘടനയില്‍ കെ സി വേണുഗോപാല്‍ പക്ഷം പിടിമുറുക്കുകയും ചെയ്തിരുന്നു.
ബിഹാറില്‍ നവംബര്‍ 14 നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നത്. ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെ കോണ്‍ഗ്രസും ആര്‍ജെഡിയും അടങ്ങുന്ന മഹാസഖ്യം വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ബിഹാറില്‍ തിരിച്ചടി നേരിട്ടാല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും ക്ഷീണമാണ്. രാഹുല്‍ഗാന്ധിയും കെ സി വേണുഗോപാലും അടക്കമുള്ള ദേശീയ നേതാക്കളാണ് ബിഹാര്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കിയത്. കര്‍ണാടകയിലെ സിദ്ധരാമയ്യ- ഡി കെ ശിവകുമാര്‍ നേതൃത്വ തര്‍ക്കമാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരിടുന്ന മറ്റൊരു വെല്ലുവിളി.

കോണ്‍ഗ്രസ് ദേശീയ നേതൃനിരയിലേക്ക് രാജസ്ഥാന് മുന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് കൂടുതല്‍ കരുത്തോടെ മടങ്ങി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഹാറില്‍ സഖ്യ ചര്‍ച്ചകള്‍ വഴിമുട്ടിയപ്പോള്‍ പ്രശ്നപരിഹാരകനായി എത്തിയതും ഗെഹലോട്ടാണ്. കെ സി വേണുഗോപാല്‍ ഒഴിഞ്ഞാല്‍ കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി പദവിയിലേക്കു വരെ അശോക് ഗെഹലോട്ട് പരിഗണിക്കപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

