തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ 7 ജില്ലകളിൽ ഡിസംബർ 9 ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടക്കും.

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 7 ജില്ലകളിൽ ഡിസംബർ 11 ന് നടക്കും.വോട്ടെണ്ണൽ ഡിസംബർ 13 ന് നടക്കും.
നാമ നിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 21 ആണ്. വോട്ടെടുപ്പ് രാവിലെ 7 മണിക്ക് തുടങ്ങും. വൈകിട്ട് 6 വരെയാണ് പോളിങ്. രാവിലെ 6 മുതൽ 7 വരെ മോക് പോളിങ് നടക്കും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം പുറത്തുവന്നതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

ആകെയുള്ള 1200-ൽ 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. മട്ടന്നൂരിൽ തിരഞ്ഞെടുപ്പ് പിന്നീട് നടക്കും. 33,746 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. 23,576 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ആകെ 2,84,30,761 വോട്ടർമാരാണുള്ളത്. 2841 പ്രവാസി വോട്ടർമാരാണുള്ളത്. 12035 സംവരണ വാർഡുകളാണുള്ളത്.

