തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ രാജ്യാന്തരബന്ധം ഉണ്ടെന്നുള്ള വിവരം കൈമാറിയ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല ഇന്ന് പതിനൊന്നിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കും. ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ രാജ്യാന്തര പുരാവസ്തു വില്‍പ്പന സംഘത്തില്‍പ്പെട്ടവര്‍ക്ക് കൈമാറിയിട്ടുണ്ടെന്നു വ്യക്തമാക്കി രമേശ് അന്വേഷണ സംഘത്തിന് കത്തുനല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മൊഴിയെടുക്കുന്നത്.

നിലവില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം അന്വേഷിക്കുന്ന ഈ കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷണം വിദേശത്തേക്കും എത്തിക്കുന്നതാണ്. ശബരിമലയിലെ സ്വര്‍ണം ബല്ലാരിയിലെ ജ്വല്ലറിയുടമ ഗോവര്ധന് വില്പന നടത്തിയെന്നായിരുന്നു ഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴി.
എന്നാല്‍ ദ്വാരപാലകശില്പങ്ങളിലെ സ്വര്‍ണം എന്ന നിലയില്‍ പുരാവസ്തു മൂല്യം തിരിച്ചറിഞ്ഞ് ഒരു രാജ്യാന്തരസംഘം ഇത് കടത്തിയെന്നാണ് ആരോപണം.ദുബൈയില്‍ ഇതുമായി ബന്ധമുള്ള ഒരാള്‍ വിവരം നല്കാന് തയ്യാറാണെന്നും രമേശ് അറിയിച്ചിരുന്നു. ഇതില്‍ ഇടനിലക്കാരനായ ചെന്നൈയിലെ പുരാവസ്തു വ്യാപാരിയുടെ പേരും ഇന്നു പുറത്തുവന്നേക്കും.

ശ്രീകോവിലിലും ദ്വാരപാലകശില്‍പങ്ങളിലും 1998ല്‍ യുബി ഗ്രൂപ്പിന്റെ സ്പോണസര്‍ഷിപ്പില്‍ സ്വര്‍ണപാളികള്‍ സ്ഥാപിച്ചിരുന്നു. ഇതിന്റെ തിളക്കം നഷ്ടപ്പെട്ടുവെന്ന പേരിലാണ് 2019ല്‍ ഇളക്കിമാറ്റി ചെന്നൈയിലേക്ക് കൊണ്ടുപോയി സ്വര്‍ണം പൂശിയത്. ഇതെല്ലാം ചെമ്പുപാളിയാണെന്ന് ബോധപൂര്‍വം എഴുതി സ്വര്‍ണം കടത്തുകയായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

ഉണ്ണികൃഷ്ണന് പോറ്റിയുടെ നേതൃത്വത്തിലായിരുന്നു കടത്തല്‍. കൊണ്ടുപോയ സ്വര്‍ണം ദ്വാരപാലകശില്പത്തിലെ സ്വര്‍ണം എന്നുപറഞ്ഞ് മൂല്യം ഉയര്‍ത്തി വില്പന നടത്തിയെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.
