തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ സർക്കാർ അപ്പീല്‍ പോകുന്നതിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രസ്താവന ഒഴിവാക്കേണ്ടിയിരുന്നു എന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അത് കോൺഗ്രസിന്റെ നിലപാട് അല്ലെന്നും അദ്ദേഹത്തെ വിളിച്ച് അത് താൻ തിരുത്തിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

“അടൂർ പ്രകാശ് പറഞ്ഞത് കോൺഗ്രസിന്റെ നിലപാട് അല്ല. പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു. വിധി പ്രോസിക്യൂഷന്റെയും സർക്കാരിന്റെയും അന്വേഷണ ഏജൻസിയുടെയും കേസ് നടത്തിപ്പിന്റെയും പരാജയമാണെന്ന് ഇന്നലെ തന്നെ ഞാൻ വ്യക്തമാക്കിയിരുന്നു. അപ്പീൽ ഫയൽ ചെയ്യുക തന്നെ വേണം. അത് താൻ കൃത്യമായി പറഞ്ഞതാണെന്ന്,” സണ്ണി ജോസഫ് വ്യക്തമാക്കി.
യുഡിഎഫ് കൺവീനറുടെ പ്രസ്താവന പാർട്ടി നിലപാടിൽ കൺഫ്യൂഷൻ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹത്തെ വിളിച്ച് അത് താൻ തിരുത്തിയിട്ടുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

പാർട്ടിയുടെ നിലപാടാണ് തന്റെതെന്ന് അടൂർ പ്രകാശ് തന്നെ തിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

