കൊച്ചി: കുംഭമേള നടത്താനാകുമെങ്കിൽ അയ്യപ്പസംഗമം നടത്താനാകില്ലേ എന്നാണല്ലോ സർക്കാർ ചോദിക്കുന്നതെന്ന് ഹൈക്കോടതി. അവിടെ 7000 കോടിയാണ് ചെലവഴിച്ചത്, ഇവിടെ നാലുകോടിയല്ലേ ചെലവഴിക്കുന്നുള്ളൂ എന്നും ജസ്റ്റിസ് രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ദേവസ്വം ബെഞ്ച് ആഗോള അയ്യപ്പസംഗമം നടത്തുന്നതിനെ എതിർക്കുന്ന ഹർജിക്കാരോട് വാക്കാൽ ചോദിച്ചു.

സംഗമത്തിനായി സർക്കാർ ഖജനാവിൽനിന്നോ ദേവസ്വം ഫണ്ടിൽനിന്നോ പണം ചെലവഴിക്കാനാകില്ലെന്ന വാദം ഹർജിക്കാർ ഉന്നയിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. കുംഭമേളയ്ക്ക് കേന്ദ്രസർക്കാർ അടക്കം ഫണ്ട് ചെലവഴിക്കുന്നുണ്ടെന്ന് സർക്കാരിനായി ഹാജരായ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ഹർജികളിൽ വാദം പൂർത്തിയായതിനെത്തുടർന്ന് വിധിപറയാൻ മാറ്റി.
കോടതിയുടെ ചോദ്യങ്ങളും സർക്കാരും ദേവസ്വവും നൽകിയ മറുപടിയും
കോടതി: സംഗമത്തിൽ സർക്കാരിന്റെ റോൾ എന്താണ്?
എജി – ദേവസ്വം ബോർഡിനെ സഹായിക്കുക മാത്രമാണ്. ഇത്തരം കാര്യങ്ങൾക്കായി കുറച്ചു പണം ചെലവഴിക്കുന്നതിൽ ഭരണഘടനാ ലംഘനമില്ല.

അയ്യപ്പന്റെ പേരിൽ ഫണ്ട് സ്വീകരിക്കാനാകുമോ?

=സ്വമേധയാ മുന്നോട്ടുവരുന്ന സ്പോൺസർമാരിൽനിന്നാണ് പണം സ്വീകരിക്കുന്നത്. ദേവസ്വവും സർക്കാരും ഫണ്ട് ചെലവഴിക്കുന്നില്ല.
ആരെയാണ് ക്ഷണിതാക്കളായി വിളിക്കുന്നത്. അവർക്ക് പ്രത്യേക പരിഗണന നൽകുമോ?
=മൂവായിരത്തോളംപേരെയാണ് വിളിക്കുന്നത്. മറ്റുഭക്തർക്കില്ലാത്ത പരിഗണനയൊന്നും നൽകില്ല. ശബരിമലയുടെ വികസനകാര്യത്തിൽ അവരിൽനിന്ന് അഭിപ്രായം തേടും.
സമാഹരിക്കുന്ന പണം എന്തുചെയ്യും?
=ശബരിമല മാസ്റ്റർ പ്ലാനിനായി 1300 കോടി രൂപ കണ്ടെത്തണം. പദ്ധതിയിട്ടിരിക്കുന്ന റോപ്പ് വേ നിർമിച്ചുനൽകാൻ തയ്യാറായി ആരെങ്കിലും മുന്നോട്ടുവന്നാൽ സ്വീകരിക്കും. അതിലൊന്നും തെറ്റില്ല.
സംഗമത്തിനായി പമ്പയിൽ നിർമിക്കുന്നത് താത്കാലിക സൗകര്യമോ സ്ഥിരം സംവിധാനമോ?
=ജി. ബിജു (ദേവസ്വം അഭിഭാഷകൻ): താത്കാലിക പന്തലാണ് ഒരുക്കുന്നത്. എസി ഒന്നുമില്ല.
അയ്യപ്പസംഗമം നടത്തുന്നത് സർക്കാരെന്ന് ഹർജിക്കാർ
ഹൈന്ദവീയം ഫൗണ്ടേഷൻ സെക്രട്ടറി കളമശ്ശേരി സ്വദേശി എം. നന്ദകുമാർ, അഡ്വ. അജീഷ് കളത്തിൽ ഗോപി തുടങ്ങിയവർ ഫയൽചെയ്ത ഹർജികളാണ് പരിഗണനയിലുള്ളത്. മതേതരസ്ഥാപനമായ സർക്കാരിന് ഇത്തരത്തിലൊരു പരിപാടി നടത്താനാകില്ലെന്നും അയ്യപ്പസംഗമം എന്ന പേരുപോലും ഉപയോഗിക്കുന്നത് തെറ്റാണെന്നുമാണ് ഹർജിക്കാരുടെ വാദം. ദേവസ്വത്തിന്റെപേരിൽ സർക്കാരാണ് പരിപാടി നടത്തുന്നതെന്നും ഹർജിക്കാർ വാദിക്കുന്നു.
