കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് മുഖ്യമന്തി പിണറായി വിജയൻ. പിണറായി ചേരിക്കൽ ജൂനിയർ എൽപി സ്കൂളിൽ എത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്തത്. മുഖ്യമന്ത്രിക്കൊപ്പം കുടുംബാംഗങ്ങളുമുണ്ടായിരുന്നു.

തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പൂർണ ആത്മവിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം എൽഡിഎഫിന് മികച്ച പിന്തുണയാണ് ലഭിച്ചത്. ജനപിന്തുണ എൽഡിഎഫിന് ചരിത്ര വിജയം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള തിരഞ്ഞെടുപ്പിൽ ഏശില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടന്നു. വിഷയത്തിൽ സർക്കാർ കർക്കശമായ നിലപാടാണ് സ്വീകരിച്ചത്. ഈ സർക്കാർ അല്ലായിരുന്നുവെങ്കിൽ ഇത്തരം കാര്യങ്ങളിൽ കൃത്യതോടെയുള്ള നടപടിയുണ്ടാകില്ല. അത് വിശ്വാസികൾക്ക് അറിയാം.

സർക്കാർ സ്വീകരിച്ച നിലപാടുകൾക്ക് വിശ്വാസികളുടെയാകെ പിന്തുണയുണ്ട്. വിഷയം തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനുള്ള ദുഷ്പ്രചാരണങ്ങളാണ് യുഡിഎഫും ബിജെപിയും നടത്തിയത്. ഇക്കാര്യത്തിൽ ബിജെപിയും കോൺഗ്രസും ഒരേ വണ്ടിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. രാഹുലിനെതിരായ രണ്ടാമത്തെ പരാതി കെപിസിസിയല്ലേ പൊലീസിന് കൈമാറിയതെന്ന് മുഖ്യമന്ത്രി പരിഹാസ രൂപേണ ചോദിച്ചു. വിഷയത്തിൽ കോൺഗ്രസിലെ ‘സ്ത്രീലമ്പടന്മാർ’ എന്താണ് കാട്ടിക്കൂട്ടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇരയായവർ പ്രകടിപ്പിച്ച ആശങ്കകൾ നോക്കിയാൽ മനസിലാകും. എന്തുകൊണ്ടാണ് അവർ പരാതിയുമായി മുന്നോട്ടുവരാത്തത്? അക്കാര്യം ഗൗരവമായി പരിശോധിക്കണം.മുഖ്യമന്ത്രി പറഞ്ഞു.
