കോട്ടയം: കെൽട്രോണിന്റെ ജില്ലയിലെ ഏക നോളജ് സെന്റർ പൂട്ടുന്നു. നാഗമ്പടത്ത് പ്രവർത്തിക്കുന്ന കെൽട്രോണിന്റെ തൊഴിൽ പരിശീലന കേന്ദ്രം മാർച്ചോടെ പൂട്ടാനാണ് മാനേജ്മെന്റ് തീരുമാനം. നോളജ് സെന്റർ പ്രവർത്തിക്കുന്ന കെട്ടിടം ഒഴിയുകയാണെന്ന് അറിയിച്ച് കെൽട്രോൺ ഐ.ടി ബിസിനസ് ഗ്രൂപ് വിഭാഗം ഹെഡ് കോട്ടയം നഗരസഭ അധികൃതർക്ക് കത്ത് നൽകി.
22 വർഷമായി ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ തൊഴിൽ പരിശീലനം നൽകുന്ന സ്ഥാപനമാണ് നോളജ് സെന്റർ. നിരവധി പേരാണ് തൊഴിൽ പരിശീലനത്തിനായി നോളജ് സെന്ററിനെ ആശ്രയിക്കുന്നത്. സ്വകാര്യ തൊഴിൽ പരിശീലകരെ സഹായിക്കാനാണ് കേന്ദ്രം പൂട്ടുന്നതെന്ന് ആക്ഷേപമുണ്ട്. 2016 മുതൽ നാഗമ്പടം ബസ്സ്റ്റാൻഡിലെ മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സിലാണ് നോളജ് സെന്റർ പ്രവർത്തിച്ചുവരുന്നത്. നേരത്തേ 4167.13 ചതുരശ്ര അടിയുള്ള എട്ടു കടമുറികളിലായാണ് പ്രവർത്തിച്ചിരുന്നത്. 2021ൽ മൂന്ന് കടമുറികൾ കെൽട്രോൺ ഒഴിഞ്ഞിരുന്നു. ബാക്കി അഞ്ച് കടമുറികളാണ് ഉപയോഗിച്ചിരുന്നത്. ഇതുകൂടി ഒഴിയുകയാണെന്നാണ് കെൽട്രോൺ മുനിസിപ്പാലിറ്റിയെ അറിയിച്ചിരിക്കുന്നത്. സാങ്കേതിക കാരണങ്ങളാൽ ഒഴിയുന്നു എന്നാണ് കത്തിൽ പറയുന്നത്.
പൊതുവിദ്യാഭ്യാസ മേഖലയിൽ 100ലധികം സ്കൂളുകളും ഉന്നത വിദ്യാഭ്യാസ മേഖലയിൽ 30ഓളം സർക്കാർ എയ്ഡഡ് കോളജുകളും നിരവധി പോളിടെക്നിക്കുകളും ഐ.ടി.ഐകളും വിദ്യാർഥികളും നൈപുണ്യ പരിശീലനത്തിനും ഇന്റേൺഷിപ്പിനും പി.എസ്.സി നിയമനങ്ങൾക്കുള്ള ഡി.സി.എ, പി.ജി.ഡി.സി.എ കോഴ്സുകൾക്കും ആശ്രയിക്കുന്നത് കെൽട്രോണിന്റെ നോളജ് സെന്ററിനെയാണ്. സെന്റർ പൂട്ടുന്നതോടെ വിദ്യാർഥികളും സ്ഥാപനങ്ങളും ഉയർന്ന ഫീസ് നൽകി സ്വകാര്യ സ്ഥാപനങ്ങളെയും മറ്റ് ജില്ലകളെയും ആശ്രയിക്കേണ്ടിവരും. വർഷങ്ങളായി ഇവിടെ ജോലിചെയ്യുന്ന നിരവധി ജീവനക്കാരും പെരുവഴിയിലാവും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130