
പാതാമ്പുഴ ∙ റിപ്പബ്ലിക് ദിന ചടങ്ങിൽ പങ്കെടുക്കുന്നതിനു പാതാമ്പുഴ സ്വദേശികളായ ദമ്പതികൾക്ക് ഔദ്യോഗിക ക്ഷണം. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പാതാമ്പുഴ 46 -ാം നമ്പർ അങ്കണവാടി വർക്കർ ഒ.സി.മിനി മോൾക്കാണു ഡൽഹിയിൽ റിപ്പബ്ലിക് ദിന ചടങ്ങിന് പങ്കെടുക്കാൻ ക്ഷണം. ഒപ്പം ഭർത്താവിനും പങ്കെടുക്കാം. വനിതാ ശിശു വികസന വകുപ്പ് വഴിയാണ് ഇവർക്ക് റിപ്പബ്ലിക് ദിനാഘോഷ പരേഡിന് സാക്ഷ്യം വഹിക്കാൻ കേന്ദ്രസർക്കാരിന്റെ ക്ഷണം ലഭിച്ചത്.
“ഈരാറ്റുപേട്ട ഐസിഡിഎസിനു കീഴിൽ 2022-23 വർഷത്തെ മികച്ച അങ്കണവാടി വർക്കർക്കുള്ള അവാർഡ് ജേതാവാണു മിനിമോൾ.പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 40-ാം നമ്പർ ബൂത്ത് ബിഎൽഒയും, പഞ്ചായത്ത് തല കില ആർപിയും 20 വർഷമായി പഞ്ചായത്ത് തല ലീഡറായി പ്രവർത്തിച്ചു വരികയാണ്. ജനുവരി 26 ന് ഡൽഹിക്ക് ഭർത്താവ് പാതാമ്പുഴ വടക്കേൽ ജോണിക്ക് ഒപ്പം പങ്കെടുക്കാനാണു കേന്ദ്ര സർക്കാരിന്റെ ക്ഷണം
ലഭിച്ചിരിക്കുന്നത്.

ഏന്തയാർ ഓലിക്കൽ ഒ.ഇ.ചാക്കോയുടെയും ശോശാമ്മ ചാക്കോയുടെയും മകളാണ്. സംസ്ഥാന തലത്തിൽ 5 അങ്കണവാടി വർക്കർക്കും ഒരു സിഡിപിഒയ്ക്കും പങ്കെടുക്കാനാണ് ഔദ്യോഗിക ക്ഷണമുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട് എന്നീ ജില്ലയിലുള്ള വരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.അബുദാബിയിൽ എൻജിനീയർമാരായ ജയ്മോൻ തോമസ്, ജിതിൻ തോമസ് എന്നിവർ മക്കളാണ്.