തൃശൂര്‍: മാര്‍ക്സ് വിഭാവനം ചെയ്യാതിരുന്ന ഹിംസയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പിന്നീട് കൈവന്നതെന്ന് എഴുത്തുകാരന് ആനന്ദ്. ഹിന്ദു മതം എന്ന ഒന്നില്ല. സംഘടിത മതങ്ങളുടെ സ്വഭാവത്തിലേക്ക് ആണ് ഹിന്ദു മതവും വന്ന് കൊണ്ടിരിക്കുന്നത്. ഹിന്ദുത്വയുടെ ലക്ഷണങ്ങള്‍ സ്വാതന്ത്ര്യത്തിന് മുമ്പേ തന്നെ ഉണ്ടായിരുന്നു എന്നും ആനന്ദ് പറഞ്ഞു. മുസിരിസ് ബിനാലെയുടെ അനുബന്ധ പരിപാടിയായി ആനന്ദിന്റെ ജന്മനാടായ ഇരിങ്ങാലക്കുടയില്‍ ‘ആനന്ദിന്റെ രചനാലോകം’ എന്ന പേരില്‍ സംഘടിപ്പിച്ച ദ്വദിന സെമിനാറില്‍ സദസ്സിനോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

പരിചയപ്പെട്ട ആളുകളോടും അവസ്ഥകളോടും പ്രതികരിക്കാനാണ് എഴുത്തിലൂടെ താന്‍ ശ്രമിച്ചതെന്ന് വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ആനന്ദ് പറഞ്ഞു. ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട് എഴുപത് കൊല്ലത്തോളം പുറത്തായിരുന്നു. തന്റെ മുന്നില്‍ ഇന്ത്യയാണ് നിറഞ്ഞ് നിന്നത്.
കേരളീയ പശ്ചാത്തലത്തില്‍ ഒരു രചന അതു കൊണ്ടാകാം ഉടലെടുക്കാതിരുന്നത്. തന്റെ രചനകള്‍ ദുര്‍ഗ്രഹമാണെന്ന് കരുതുന്നില്ല. തുറന്ന മനസ്സോടെ വായിക്കാന്‍ ശ്രമിച്ചാല്‍ മതി. വായിച്ചുവെന്നും മനസ്സിലായി എന്നുമാണ് സാധാരണക്കാര്‍ പറഞ്ഞിട്ടുള്ളത്. ഉന്നതതലത്തില്‍ ഉള്ളവര്‍ക്കാകാം ഒരു പക്ഷേ മനസ്സിലാകാതെ പോയതൈന്നും അദ്ദേഹം പറഞ്ഞു.

മലയാളികള്‍ ഇനിയും ആനന്ദിനെ വേണ്ടത്ര ചര്‍ച്ച ചെയ്തിട്ടില്ല. ഇത്രയും സത്യസന്ധതയും ആശയദാര്ഡ്യവുമുള്ള എഴുത്തുകാരന് മലയാളത്തില്‍ വേറെയില്ല. പുരസ്കാരങ്ങള്‍ക്കോ പ്രശസ്തിക്കോ പുറകെ ഒരിക്കലും ആനന്ദ് പോയിട്ടില്ലെന്നുമാണ് എഴുത്തുകാരന് സച്ചിദാനന്ദന് പറഞ്ഞത്. അശോകന് ചരുവില്‍ അധ്യക്ഷനായിരുന്നു. സെമിനാര്‍ സമാപിച്ചു.

