കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയന് സമിതി ആഹ്വാനംചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദിന് സമാനമായി പുരോഗമിക്കുന്നു. കടമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുന്നില്ല. രാവിലെ ചിലയിടങ്ങളില്‍ ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തിയെങ്കിലും എട്ടു മണിയോടെ ഭൂരിഭാഗവും നിരത്തുകളില്‍ നിന്ന് പിന്‍വാങ്ങി. ട്രെയിനുകളില്‍ സ്റ്റേഷനുകളില്‍ വന്നിറങ്ങുന്നവര്‍ വാഹനം കിട്ടാതെ വലഞ്ഞു. ഇരുചക്രവാഹനങ്ങളും സ്വകാര്യ കാറുകളും നിരത്തിലുണ്ട്. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴിച്ചാല്‍ വ്യാപാര സ്ഥാപനങ്ങള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്.

കോഴിക്കോട് പണിമുടക്കു ദിനത്തില്‍ സ്കൂളിലെത്തിയ അധ്യാപകരെയും വിദ്യാര്‍ഥികളെയും പുറത്താക്കി ഗേറ്റുപൂട്ടി സിഐടിയു പ്രവര്‍ത്തകര്‍ കൊടി നാട്ടി. കോഴിക്കോട് കോയ റോഡ് ജിഎം യുപിഎസ് സ്കൂളില്‍ രാവിലെയാണ് സംഭവം. ഗേറ്റു സമരക്കാര്‍ പൂട്ടിയതോടെ അധ്യാപകര്‍ക്കു റോഡില്‍നില്‍ക്കേണ്ടിവന്നു.
ഡയസ്നോണ്‍ പ്രഖ്യാപിച്ചതിനാല്‍ ശമ്പളം മുടങ്ങുമെന്ന് കരുതിയാണ് ജോലിക്കെത്തിയതെന്നും വിദ്യാഭ്യാസ വകുപ്പില്‍ വിവരം അറിയിച്ചതായും അധ്യാപകര്‍ പറഞ്ഞു. 13 അധ്യാപകരാണ് ജോലിക്കായി എത്തിയത്. സമരക്കാര്‍ ഇവരെ തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ് ബലം പ്രയോഗിച്ച് സമരക്കാരെ നീക്കി.

വയനാട് കല്‍പ്പറ്റയില്‍ പണിമുടക്ക് അനുകൂലികള്‍ ചരക്കു ലോറി തടഞ്ഞു. ‘കൈ കാണിച്ചപ്പോള്‍ വണ്ടി നിര്‍ത്തിയില്ലേ? എന്തിനാണ് തെറി പറയുന്നതെന്ന്’ ഡ്രൈവര്‍ ചോദിച്ചപ്പോള്‍ ‘ഇവനെ എന്തായാലും വിടാന്‍ പറ്റില്ല, രാത്രി 12 ആയിട്ടു പോയാല്‍ മതി’ എന്നായിരുന്നു സമരാനുകൂലികളുടെ മറുപടി. ഐഎന്‍ടിയുസി പ്രവര്‍ത്തകരാണ് ഇവിടെ വാഹനം തടഞ്ഞത്. സ്ഥലത്തു പൊലീസ് എത്തിയെങ്കിലും പ്രവര്‍ത്തകര്‍ അയയാന്‍ തയാറായില്ല. കല്‍പ്പറ്റയില്‍ ബാങ്കിലെത്തിയ ജീവനക്കാരെ തടഞ്ഞു. കല്‍പ്പറ്റയിലെ സിഎസ്ബി ബാങ്കിന്റെ കല്‍പ്പറ്റ ശാഖയാണ് സമരക്കാര്‍ ബലംപ്രയോഗിച്ച് അടപ്പിച്ചത്.

തിരുവനന്തപുരം തമ്പാനൂരില്‍ സര്‍വീസിനെത്തിയ കെഎസ്ആര്‍ടിസി ബസ്, സമരാനുകൂലികള്‍ തടഞ്ഞു. മെഡിക്കല്‍ കോളജ്, ആര്‍സിസി എന്നിവിടങ്ങളിലേക്ക് ചികിത്സയ്ക്കായി എത്തിയ ഒട്ടേറെ രോഗികള്‍ക്ക് ആശ്വാസമായി പൊലീസ് യാത്രാസൗകര്യം ഒരുക്കി. കൊച്ചി നഗരത്തില്‍ പണിമുടക്ക് പൂര്‍ണം. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. റോഡുകള്‍ വിജനമാണ്. കൊച്ചി മെട്രോ സര്‍വീസ് സാധാരണ പോലെ സര്‍വീസ് നടത്തിയെങ്കിലും യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി.
