കൊച്ചി: മലയാളത്തിലെ പുരാതനരേഖകളും പുസ്തകങ്ങളും ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കുകയും പൊതുജനങ്ങള്‍ക്കു സൗജന്യമായി ലഭ്യമാക്കുകയും ചെയ്യുന്ന ഗ്രന്ഥപ്പുരയുടെ എറണാകുളം സെന്ററിന്റെ ഉദ്ഘാടനം എഴുത്തുകാരന് പി എഫ് മാത്യൂസ് നിര്‍വഹിച്ചു. നമ്മുടെ സംസ്കാരത്തെ വീണ്ടെടുക്കുന്ന വലിയൊരു പ്രക്രിയ ആയി മാറുകയാണ് ഗ്രന്ഥപ്പുരയുടെ ഡിജിറ്റല്‍ ആര്‍ക്കൈവിങ് പ്രവര്‍ത്തനങ്ങള്‍ എന്ന് പി എഫ് മാത്യൂസ് പറഞ്ഞു. മലയാളത്തില്‍ ഇതുവരെ പൊതുജനങ്ങള്‍ക്കു ലഭ്യമല്ലാതിരുന്ന നിരവധി അപൂര്‍വ ഗ്രന്ഥങ്ങള്‍ ഗ്രന്ഥപ്പുരയില്‍ വായിക്കാം. ഇത് മുഴുവന്‍ ഭാഷാ സ്നേഹികളുടെയും പ്രോത്സാഹനവും പിന്തുണയും അര്‍ഹിക്കുന്നു.

കൊച്ചിയില്‍ നിന്നുള്ള ആദ്യത്തെ നോവല്‍, 1906 ല്‍ അച്ചടിക്കപ്പെട്ട പരിഷ്കാര വിജയം ആണെന്ന് കണ്ടെത്തിയത് 2006 ല്‍ മാത്രമായിരുന്നുവെന്ന് പി. എഫ് മാത്യൂസ് ഓര്‍മ്മിപ്പിച്ചു. വാര്യത്ത് ചോറി പീറ്റര്‍ എഴുതിയ ഈ നോവല്‍ കണ്ടെടുത്തത് ഡോ. ജോര്‍ജ് ഇരുമ്പയം ആയിരുന്നു. അതുവരെ ആര്‍ക്കും ചോറി പീറ്റര്‍ എന്ന കൊച്ചിക്കാരനായ എഴുത്തുകാരനെ അറിയില്ലായിരുന്നു. – പി എഫ് മാത്യൂസ് വിശദീകരിച്ചു.
1927ല്‍ സ്ഥാപിതമാവുകയും ശതാബ്ദിയാഘോഷങ്ങള്ക്കൊരുങ്ങുകയും ചെയ്യുന്ന സത്യദീപം വാരികയുടെ ആദ്യ ലക്കങ്ങളുടെ ഡിജിറ്റൈസേഷന് പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനൊപ്പം തുടക്കമായി. സത്യദീപം ഓഫീസിനോടു ചേര്‍ന്നാണ് ഗ്രന്ഥപ്പുരയുടെ എറണാകുളം സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഗ്രന്ഥപ്പുരയുടെ സ്ഥാപകനും ഇന്‍ഡിക് ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷന്റെ ഡയറക്ടറുമായ ഷിജു അലക്സ് ഗ്രന്ഥപ്പുരയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

ഇതിനകം എട്ടു ലക്ഷത്തോളം പേജുകള്‍ www.gpura.org ല്‍ സൗജന്യമായി ലഭ്യമാക്കി കഴിഞ്ഞു. ഇപ്പോള്‍ പ്രതിദിനം രണ്ടായിരത്തോളം പേജുകള്‍ അപ്ലോഡ് ചെയ്തു കൊണ്ടിരിക്കുന്നു. ബംഗളുരു ധര്‍മ്മാരാം കോളജ്, മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി, തിരുവനന്തപുരം, കോട്ടയം പബ്ലിക് ലൈബ്രറി എന്നിവയാണ് മറ്റു നാലു സെന്ററുകള്‍. പുരാതന രേഖകളും പുസ്തകങ്ങളും കൈയിലുള്ളവര്‍ക്ക് ഡിജിറ്റൈസേഷനായി ഗ്രന്ഥപ്പുരയെ ബന്ധപ്പെടാവുന്നതാണ് എന്ന് ഡയറക്ടര്‍ ജിസ്സോ ജോസ് പറഞ്ഞു.

എറണാകുളം – അങ്കമാലി അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റോ ചേരാംതുരുത്തി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള സാഹിത്യ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി എം വി ബെന്നി, ഫാ. പോള്‍ തേലക്കാട്ട്, ഫാ. കുര്യാക്കോസ് മുണ്ടാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സത്യദീപം ചീഫ് എഡിറ്റര്‍ ഫാ. മാര്ട്ടിന് എടയന്ത്രത്ത് സ്വാഗതവും ഷിജു ആച്ചാണ്ടി നന്ദിയും പറഞ്ഞു.
