നിലവില്‍ പൊലീസാണ് കേരളത്തിലെ പ്രധാന ചര്‍ച്ചാവിഷയം. പൊലീസ് ഉദ്യോഗസ്ഥരുടെ കാടത്തവും കൊടുംക്രൂരതയും വിവരിച്ചുകൊണ്ടുള്ള നിരവധി പരാതികളാണ് ഉയരുന്നത്. കുന്നംകുളവും പീച്ചിയും കോന്നിയും തുടങ്ങി പരാതികളുടെ പ്രളയം ഉണ്ടാകുമ്പോഴും ആഭ്യന്തവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

പൊലീസിനെതിരെയുള്ള പരാതികള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകുമെന്നുമാണ് ഡിജിപി റവാഡ ചന്ദ്രശേഖരന്റെ പ്രതികരണം. കസ്റ്റഡി മര്‍ദനങ്ങളില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നാണ് ഡിജിപി പറയുന്നത്.
എന്നാല്‍ വിഷയത്തില്‍ ആഭ്യന്തവകുപ്പ് ഇതുവരേയും നിലപാട് വ്യക്തമാക്കിയിട്ടില്ല. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ നിരുപാധികം പിരിച്ചുവിടണമെന്നാണ് ഉയരുന്ന ആവശ്യം.

പൊലീസിനെതിരെ ഭരണകക്ഷിയിലും പ്രതിപക്ഷത്തുമുള്ള നിരവധി പേരാണ് പരാതിയുമായി എത്തുന്നത്. പൊലീസ് ഉന്നതരുടെ ക്രൂരതയ്ക്ക് ഇരയായവരെ പിന്നീട് ഭീഷണിപ്പെടുത്തിയും മറ്റും പരാതികള്‍ മൂടിവെപ്പിക്കുകയായിരുന്നു. ഇത്തരം പരാതികളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പൊലീസ് മര്‍ദന പരാതികള്‍ പെരുകുന്നതില്‍ ഭരണപക്ഷത്ത് ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്.

