തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ശൈലിക്കെതിരെ പാർട്ടിക്കുള്ളിൽ വിമർശനം. രാജീവ് ചന്ദ്രശേഖറിന്റേത് കോർപ്പറേറ്റ് ശൈലിയാണെന്നാണ് വിമർശനം. ബിജെപി ഇൻ ചാർജുമാരുടെ ഓൺലൈൻ യോഗത്തിലാണ് വിമർശനം. പാർട്ടി പ്രവർത്തനം കമ്പനി പോലെ നടത്തരുത്. അധിക ജോലി സമ്മർദ്ദം കാരണം മണ്ഡലം പ്രസിഡന്റുമാർ രാജിക്കൊരുങ്ങിയെന്നും ഇൻചാർജുമാർ യോഗത്തിൽ വിമർശനമുന്നയിച്ചു. അതേസമയം രാജീവ് ചന്ദ്രശേഖറിന് പിന്തണയുമായി എം.ടി രമേശും എസ്. സുരേഷും രംഗത്ത് വന്നു.

ഒരു കോർപ്പറേറ്റ് കമ്പനി നടത്തുന്നതുപോലെ മണ്ഡലം പ്രസിഡന്റുമാർക്ക് ഉത്തരവാദിത്തങ്ങൾ നൽകുകയാണ്. ഇവർക്ക് ജോലിഭാരം കൂടുതലാണ് എന്ന വിമർശനമാണ് ഉയർന്നത്. ഇതിലുള്ള അതൃപ്തിയാണ് ഇൻചാർജുമാർ യോഗത്തിൽ ഉയർത്തിയത്.
ഒട്ടനവധി പ്രവൃത്തികൾ മണ്ഡലം പ്രസിഡന്റുമാർ പൂർത്തികരിക്കേണ്ടതുണ്ട്. ഇതിനിടയിൽ ശിൽപ്പശാലയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് 15 ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പരിപാടികളുമുണ്ട്. ഇവർക്കും ഓണവും ശ്രീകൃഷ്ണ ജയന്തിയുമൊക്കെയുണ്ട്. പ്രതിഫലം വാങ്ങി പ്രവർത്തിക്കുന്നവരല്ല മണ്ഡലം പ്രസിഡന്റുമാർ. ഇത്രയധികം ജോലിഭാരമുള്ളതുകൊണ്ട് പല മണ്ഡലം പ്രസിഡന്റുമാരും രാജിവയ്ക്കാനൊരുങ്ങിയെന്ന് ഇൻചാർജുമാർ യോഗത്തിൽ വിമർശനമായി അറിയിച്ചു.

ശിൽപ്പശാലകളും വാർഡ് കൺവൻഷനുകളും കൃത്യസമയത്ത് നടക്കാത്തത് സംസ്ഥാന ജനറൽ സെക്രട്ടറിമാർ ഉന്നയിച്ചപ്പോഴായിരുന്നു ഇൻചാർജുമാരുടെ വിമർശനം.

