കോട്ടയം : വിഷു – ഈസ്റ്റർ വിപണിയിൽ പിടിവിട്ടുയരുകയാണ് അവശ്യസാധനങ്ങളുടെ വിലക്കയറ്റം. പച്ചക്കറി, മത്സ്യം, മാംസം എന്നുവേണ്ട സകലതിനും തീവില.

സപ്ലൈക്കോ വിഷുച്ചന്ത തുറന്നെങ്കിലും സബ്സിഡി സാധനങ്ങൾ ആവശ്യത്തിനില്ലാത്തതാണ് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്. കണിവെള്ളരിക്ക കിലോയ്ക്ക് 40 രൂപയായിരുന്നത് 60 ആയി ഉയർന്നു. അച്ചിങ്ങാ പയറിനും, ബീൻസിനും 80 – 100 രൂപ വരെയാണ്. ഏത്തക്കായ 70 – 80 വരെയെത്തി. കിലോയ്ക്ക് 60 രൂപയിൽ താഴെയുള്ള പച്ചക്കറി ഇനങ്ങളില്ല. സവാള 25 – 30 രൂപയായി താഴ്ന്നത് മാത്രമാണ് ആശ്വാസം. പഴം വിലയും കുതിച്ചുയർന്നു. ഏത്തക്കായ, ഞാലിപ്പൂവൻ വില 70 – 80ലെത്തി. നോമ്പുകാലത്തും കോഴിവില താഴ്ന്നില്ല. ആഴ്ച തുടക്കത്തിൽ കിലോയ്ക്ക് 129 രൂപയെങ്കിൽ ഈസ്റ്ററാകുന്നതോടെ ഇനിയും ഉയർന്നേക്കും. പോത്തിറച്ചി 400 – 420ൽ എത്തി. ആട്ടിറച്ചി : 900. താറാവ് നാടന്‍ 300 – 350 ഉം, ബോയിലറിന് 400.
പാചക വാതക വില സിലിണ്ടറിന് 50 രൂപ വർദ്ധിപ്പിച്ച് 860ലെത്തിയത് കുടുംബ ബഡ്ജറ്റ് താളം തെറ്റിച്ചു. ഗാർഹികേതര പാചകവിലയിലെ അടിക്കടി വർദ്ധന ഹോട്ടൽ ഭക്ഷണത്തിന്റെ വിലയും ഉയർത്തി.

ലഭ്യത കുറഞ്ഞതോടെ കടൽ കായൽ മത്സ്യ വിലയും ഉയർന്നു. നെയ്മിൻ കിലോയ്ക്ക് 1500 വരെ എത്തി. വറ്റ, മോത, കാളാഞ്ചി വലിപ്പമനുസരിച്ച് 600- 800 രൂപയായി. കരിമീൻ 550-600 രൂപയാണ്. ചെമ്മീൻ 400- 450. മുരശ് 300 ന് മുകളിലെത്തി. ചെറിയ ഇനങ്ങളായ മത്തി, അയില ,കിളിമീൻ വിലയും ഉയർന്നു. വലിയ മത്തി ലഭ്യമല്ല. ചെറുത് 140 രൂപ. അയില, കിളിമീൻ 200ന് മുകളിലാണ്. വളർത്തു മീനുകൾക്കും വില ഉയർന്നു.

