തിരുവനന്തപുരം: മുൻ ഇടത് എംഎൽഎയും സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. സംവിധായിക നൽകിയ ലൈംഗികാതിക്രമ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിലാണ് ഹർജിയുമായി കോടതിയിലെത്തിയത്. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്.

അന്വേഷണ പുരോഗതിയറിയിച്ച് മറ്റന്നാൾ റിപ്പോർട്ട് സമർപ്പിക്കാൻ കന്റോൺമെന്റ് പൊലീസിനു കോടതി നിർദ്ദേശം നൽകി. സംവിധായികയുടെ രഹസ്യമൊഴി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. പരാതിക്കാരിക്ക് സൗകര്യപ്പെടുന്ന ദിവസം മൊഴി രേഖപ്പെടുത്താമെന്നു പൊലീസിനു കോടതിയുടെ നിർദ്ദേശമുണ്ട്.
സ്ത്രീക്കെതിരായ ശാരീരികാക്രമണം, ലൈംഗിക ഉദ്ദേശത്തോടെയുള്ള ശാരീരിക സമ്പർക്കം, ലൈംഗിക പരാമർശങ്ങൾ നടത്തുക എന്നീ വകുപ്പുകളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്.നവംബർ 27നാണ് സംവിധായിക മുഖ്യമന്ത്രിയ്ക്കു പരാതി നൽകിയത്. ഡിസംബർ എട്ടിനാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്.

ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ സംവിധായികയോട് ഐഎഫ്എഫ്കെ ജൂറി ചെയര്‍മാനായ കുഞ്ഞു മുഹമ്മദ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് എഫ്ഐആര്‍. തിരുവനന്തപുരത്ത് നടന്ന ഐഎഫ്എഫ്കെ സ്ക്രീനിങ്ങിന്റെ ഭാഗമായി പരാതിക്കാരിയും പി ടി കുഞ്ഞു മുഹമ്മദും താമസിച്ചിരുന്നത് നഗരത്തിലെ തന്നെ ഹോട്ടലിലായിരുന്നു. ഹോട്ടലില്‍ വെച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് സംവിധായകയുടെ പരാതി.

