തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ആദ്യമിനിറ്റുകളിൽ വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് അഞ്ചിടത്ത് ലീഡ് ചെയ്യുന്നു. ഫോർട്ടുകൊച്ചി, ഈരവേലി , മട്ടാഞ്ചേരി എന്നിവിടങ്ങളിൽ യുഡിഎഫിന് ലീഡ്. തൃക്കാക്കര നഗരസഭയിൽ നാലിടത്ത് എൽഡിഫും രണ്ടിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു. പാലക്കാട് നഗരസഭയിൽ ആദ്യ ലീഡ് ബിജെപിക്കാണ്.

കൊല്ലം കോർപ്പറേഷനിലും കൊല്ലം ജില്ലാ പഞ്ചായത്തിലും എൽഡിഎഫിനാണ് ആദ്യ ലീഡ്. ആദ്യ മിനിറ്റുകളിൽ തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികൾ.
രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ ഫലങ്ങള്‍ ആദ്യമറിയാം. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്.

ത്രിതല പഞ്ചായത്തുകളുടേത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളുടെയും കോര്‍പേറേഷനുകളുടെയും അതാത് കേന്ദ്രങ്ങളിലും വോട്ടെണ്ണും. വാര്‍ഡുകളുടെ ക്രമ നമ്പർ അനുസരിച്ചായിരിക്കും വോട്ടെണ്ണൽ. തപാൽ വോട്ടുകള്‍ ആദ്യമെണ്ണും. രണ്ടു ഘട്ടങ്ങളിലായി നടത്തിയ തെരഞ്ഞെടുപ്പിൽ ആകെ 73.69 ശതമാനം പേരാണ് വോട്ട് ചെയ്തത്. 2.10 കോടിയലധികം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

