തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് നേടിയ മികച്ച വിജയത്തിന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കേരളത്തിലെ തദ്ദേശ തെരഞ്ഞടുപ്പിൽ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ് യുഡിഎഫ് സ്വന്തമാക്കിയത്.

യുഡിഎഫിനെ പിന്തുണച്ച ജനങ്ങളോടാണ് കടപ്പാടുള്ളത്, ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. പ്രതിപക്ഷം മുന്നോട്ട് വച്ച അജണ്ട തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായതിന്റെ ഫലമാണ് വിജയം എന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കൈവരിച്ച നേട്ടത്തിന്റെ കണക്കുകളും എല്‍ഡിഎഫിനേറ്റ തിരിച്ചടിയും അക്കമിട്ട് നിരത്തിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ കുറ്റപത്രവും പ്രകടന പത്രികയും കേരളം ചര്‍ച്ച ചെയ്തു. ഇതിന്റെ ഫലമാണ് എല്‍ഡിഎഫ് നേരിട്ട കനത്ത പരാജയം.

2020ല്‍ 580 ഗ്രാമ പഞ്ചായത്തുകളില്‍ ഭരണം ഉണ്ടായിരുന്ന എല്‍ഡിഎഫ് ഇത്തവണ 345 ലേക്ക് ചുരുങ്ങി. യുഡിഎഫ് 340 പഞ്ചായത്തുകളില്‍ നിന്ന് 500ലേക്ക് ഉയര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, കോര്പറേഷന് എന്നിവിടങ്ങളിലും യുഡിഎഫ് മികച്ച വിജയം നേടാനായി.

