തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന്, ബ്ലോക്ക് പഞ്ചായത്തുകളിലെല്ലാം ഐക്യജനാധിപത്യമുന്നണി ആധിപത്യം നേടി. ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും ഏഴെണ്ണം വീതം നേടി ഒപ്പത്തിനൊപ്പമാണ്. ഗംഭീര തിരിച്ചുവരവു നടത്തിയ യുഡിഎഫ്, സംസ്ഥാനത്തെ ആറു കോര്‍പ്പറേഷനുകളില്‍ നാലിടത്താണ് അധികാരത്തിലേറുന്നത്.

തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം പിടിച്ചു. 50 സീറ്റ് നേടിയ എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷത്തിന് ഒരാളുടെ കൂടി പിന്തുണ മതി. 29 ഡിവിഷനില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍, 19 ഇടത്ത് യുഡിഎഫും വിജയിച്ചു.
രണ്ടിടത്ത് സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, മുന്‍ ഡിജിപി ആര് ശ്രീലേഖ (എന്‍ഡിഎ), കെ എസ് ശബരിനാഥന് (കോണ്‍ഗ്രസ് ), എസ് പി ദീപക് (സിപിഎം), വഞ്ചിയൂര്‍ ബാബു (സിപിഎം), മുന്‍ മേയര്‍ കെ ശ്രീകുമാര്‍ (സിപിഎം) തുടങ്ങിയവരാണ് വിജയിച്ച പ്രമുഖര്‍. തലസ്ഥാനനഗരിയില്‍ കോര്പ്പറേഷന് ഭരണം പിടിച്ച ബിജെപിയുടെ വളര്‍ച്ച സിപിഎമ്മിനും കോണ്‍ഗ്രസിനുമേറ്റ അപ്രതീക്ഷിത തിരിച്ചടിയായി.

കേരളത്തിലെ ആകെ ഗ്രാമപഞ്ചായത്തുകളില്‍ 495 എണ്ണം യുഡിഎഫ് സ്വന്തമാക്കിയപ്പോള്‍, എല്‍ഡിഎഫിന് 343 എണ്ണമേ വിജയിക്കാനായുള്ളൂ. എന്‍ഡിഎ 25 ഇടത്ത് നേടി. ആറിടത്ത് മറ്റുള്ളവരും നേട്ടമുണ്ടാക്കി. ബ്ലോക്ക് പഞ്ചായത്തുകളില്‍ 78 എണ്ണം യുഡിഎഫും, 64 എണ്ണം എല്‍ഡിഎഫും കരസ്ഥമാക്കി. മുനിസിപ്പാലിറ്റികളില്‍ 54 എണ്ണമാണ് യുഡിഎഫിനൊപ്പം നിന്നത്. 28 എണ്ണം ഇടതുപക്ഷത്തും നിലയുറപ്പിച്ചു. രണ്ടിടത്ത് എന്‍ഡിഎ അധികാരം നേടി. പാലക്കാട് നഗരസഭയില്‍ ബിജെപി ഭരണം നിലനിര്‍ത്തിയപ്പോള്‍, തൃപ്പൂണിത്തുറയില്‍ ബിജെപി അധികാരം പിടിച്ചെടുക്കുകയായിരുന്നു.

