തിരുവനന്തപുരം: സർക്കാർ നടത്തുന്ന വികസന സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് പ്രമുഖരോട് ആവശ്യപ്പെട്ട രമേശ് ചെന്നിത്തലയ്ക്ക് തിരിച്ചടി. സമ്മേളനത്തിൽ പങ്കെടുക്കുന്ന വിദഗ്ദ്ധരുടെ സർക്കാർ പുറത്തുവിട്ട ലിസ്റ്റിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ മണി ശങ്കർ അയ്യരുടെ പേരുമുണ്ട്.


വിവിധ സെഷനുകളിൽ പങ്കെടുക്കുന്ന പ്രമുഖ വ്യക്തികളുടെ കൂട്ടത്തിലാണ് മുൻ കേന്ദ്ര മന്ത്രി മണിശങ്കർ അയ്യരുടെ പേരും ഉൾപ്പെട്ടിരിക്കുന്നത്.
സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ ഈ മാസം 15 മുതൽ 17 വരെയാണ് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ‘വിഷൻ 2031: വികസനവും ജനാധിപത്യവും’ എന്ന വിഷയത്തിൽ അന്താരാഷ്ട്ര കോൺഫറൻസ് നടക്കുന്നത്.




പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ച നോബൽ ജേതാവും സാമ്പത്തിക വിദഗ്ദ്ധനുമായ പ്രൊഫസർ അമർത്യ സെൻ, ചരിത്രകാരി റോമില ഥാപ്പർ, മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല, കനിമൊഴി എംപി, പോഷകാഹാര വിദഗ്ദ്ധ ശകുന്തള തിൽസ്തേദ് എന്നിവരോട് പുനർവിചിന്തനം ആവശ്യപ്പെട്ട് ചെന്നിത്തല അടുത്തിടെ ഒരു തുറന്ന കത്ത് പ്രസിദ്ധീകരിച്ചിരുന്നു.

ആസൂത്രണ ബോർഡ് പുറത്തുവിട്ട ലിസ്റ്റിൽ ചെന്നിത്തല പങ്കെടുക്കരുതെന്ന് അഭ്യർത്ഥിച്ച എല്ലാവരുടെയും പേരുകളുണ്ട്. അമർത്യ സെൻ, റോമില ഥാപ്പർ എന്നിവർ ഓൺലൈൻ ആയി ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യും. പോഷകാഹാര വിദഗ്ദ്ധ ശകുന്തള തിൽസ്തേദ് നേരിട്ട് പങ്കെടുക്കും. സമാപന സമ്മേളനത്തിലാണ് ഫാറൂഖ് അബ്ദുല്ല, കനിമൊഴി എംപി എന്നിവർ പങ്കെടുക്കുക. അവർക്കൊപ്പം സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടുമുണ്ടാകും.
