ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാനൊരുങ്ങി കേരളം. സംസ്ഥാനത്തൊട്ടാകെ ശോഭയാത്ര ഉൾപ്പെടെയുളള വിവിധ ആഘോഷങ്ങളാണ് നടക്കാൻ പോകുന്നത്. ഗുരുവായൂരും ആറന്മുള ക്ഷേത്രത്തിലും അടക്കം പ്രത്യേക പൂജകളും ആഘോഷങ്ങളും ആരംഭിച്ചു. പ്രശസ്തമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. ഇരുനൂറിലേറെ കല്യാണങ്ങളാണ് ഇന്ന് ഗുരുവായൂരിൽ നടക്കുക.

പുലർച്ചെ മൂന്നുമണിക്ക് നിർമ്മാല്യ ദർശനത്തോടെ ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവം തുടങ്ങി. ക്രമീകരണങ്ങളുടെ ഭാഗമായി വി.ഐ.പി., സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണമുണ്ടാകും.
പൂജകളും ആഘോഷങ്ങളും ഘോഷയാത്രയും നാടൻ കലകളും എല്ലാം കോർത്തിണക്കി ഇന്ന് ഗുരുവായൂർ ക്ഷേത്ര സന്നിധി ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിലാറാടും.

വൻ ഭക്തജന തിരക്ക് അനുഭവപ്പെടുന്നതിനാൽ ക്ഷേത്രത്തിലെത്തുന്നവർക്കെല്ലാം ദർശനം ലഭ്യമാക്കാൻ സാധ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു.

