ജനവിധി പൂർണ്ണമായും അംഗീകരിക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. തെറ്റ് തിരുത്തി മുന്നോട്ടുപോകും. വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിലേക്ക് എത്തിയില്ല. തിരുവനന്തപുരത്തെ ബിജെപിയുടെ കടന്നുകയറ്റം മതനിരപേക്ഷതയെ ആശങ്കപ്പെടുത്തുന്നതാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയെ മാറ്റിനിർത്താൻ ശ്രമിക്കുമെന്നും യുഡിഎഫുമായി സഹകരിക്കണമോ എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

ജനങ്ങൾ മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നു എന്ന് വിശ്വസിക്കുന്നില്ല.
2010-ൽ ഇതിനേക്കാൾ വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. ആ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് പിന്നീടും പാർട്ടി പിടിച്ചു കയറിയത്. ശക്തമായി പാർട്ടിയും മുന്നണിയും തിരിച്ചുവരും. ഒരുപാട് വികസന പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ജനങ്ങൾക്കിടയിലേക്ക് എത്തിയില്ല.
58 % ശതമാനം ആളുകൾ മാത്രമാണ് വോട്ട് ചെയ്തത്. ബിജെപി സംസ്ഥാന അധ്യക്ഷൻ തിരുവനന്തപുരം കോർപ്പറേഷന് എതിരെ അഴിമതി ആരോപണം ഉന്നയിച്ചു. തെരഞ്ഞെടുപ്പിന് രണ്ടുദിവസം മുൻപേ ആയിരുന്നു ആരോപണം.
ഇതിനെതിരെ കമ്മീഷനിൽ പരാതി കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ചുള്ള കൗൺസിൽ അംഗമായിരുന്ന ഗായത്രി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് സിപിഐഎം പരിശോധിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ആര്യാ രാജേന്ദ്രന്റെ പ്രവർത്തനങ്ങളെ കുറിച്ച് പാർട്ടിക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ല. ബിജെപിക്കെതിരെ ആര്യ രാജേന്ദ്രൻ ഉറച്ച നിലപാട് സ്വീകരിച്ചെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

