തൊടുപുഴ: ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശം തിരുത്തി സിപിഎം നേതാവ് എം എം മണി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറഞ്ഞതു തന്നെയാണ് എന്റെയും നിലപാട്. ഇന്നലെ അങ്ങനെ ഒരു സാഹചര്യത്തില്‍ പറഞ്ഞുപോയതാണ്. അതുശരിയായില്ല എന്നു പറഞ്ഞ പാര്‍ട്ടിയുടെ നിലപാടു തന്നെയാണ് എന്റെയും നിലപാട്. ജനറല്‍ സെക്രട്ടറി പറഞ്ഞതിനോട് യോജിക്കുന്നുവെന്നും എം എം മണി പറഞ്ഞു.

പാര്‍ട്ടി പറഞ്ഞതിനോട് വ്യത്യസ്ത നിലപാടൊന്നുമില്ല. വികസന പ്രവര്‍ത്തനങ്ങളും ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടും ഇങ്ങനെയൊരു ജനവിധി വന്നു. അതില്‍ അപ്പോഴത്തെ വികാരത്തിന്റെ പുറത്ത് പറഞ്ഞതാണ്. അത്തരത്തില്‍ പ്രതികരിക്കേണ്ടിയിരുന്നില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അടക്കം പറഞ്ഞു. പാര്‍ട്ടിയുടെ നിലപാട് ബേബി പറഞ്ഞതു തന്നെയാണ് എന്നും എം എം മണി വ്യക്തമാക്കി.
നേതാക്കളാരും വിളിക്കുകയോ, പ്രസ്താവന തിരുത്താന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ഇതെല്ലാം ജനങ്ങളുടെ അവകാശമാണെന്ന് പറയുമ്പോൾ, പാവപ്പെട്ട ആളുകള്‍ക്ക് പെന്‍ഷനോ സഹായമോ, മലയോര കര്‍ഷകര്‍ക്ക് പട്ടയമോ ഒന്നും നല്‍കാതിരുന്നത് യുഡിഎഫിന്റെ അവകാശമാണോ?. യുഡിഎഫ് ഭരണകാലത്ത് ഇത്തരം സമീപനങ്ങള്‍ക്കെതിരെ പ്രക്ഷോഭവും സമരവും നടത്തിയപ്പോള്‍ അതിനെ അടിച്ചമര്‍ത്തിയതും ശരിയാണെന്ന് പറയണോയെന്ന് മണി ചോദിച്ചു.

ഉമ്മന്‍ചാണ്ടിയും എ കെ ആന്റണിയും കെ കരുണാകരനുമൊക്കെ ഭരിച്ചപ്പോഴും ജനങ്ങള്‍ ഉണ്ടായിരുന്നു. ഈ ജനങ്ങളുടെ അവകാശങ്ങളൊന്നും അന്ന് നടന്നില്ലല്ലോ. അതില്‍ നിന്നും വ്യത്യസ്തമായി എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ചെയ്ത ക്ഷേമ പ്രവര്‍ത്തനങ്ങള്‍, മുമ്പത്തെ എല്‍ഡിഎഫ് ഇതര സര്‍ക്കാരുകള്‍ ചെയ്തിട്ടുണ്ടോ? രാഷ്ട്രീയപ്രവര്‍ത്തകര്‍ സാമൂഹ്യവീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും എം എം മണി പറഞ്ഞു.

കേരളം കണ്ട ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് വി ഡി സതീശന്. ആരെല്ലാം പ്രതിപക്ഷ നേതാവായിരുന്നിട്ടുണ്ട്. സമീപനത്തില്‍ തന്നെ പാളിച്ചയുള്ള പ്രതിപക്ഷ നേതാവാണ് വി ഡി സതീശനെന്നാണ് എന്റെ അഭിപ്രായം. അദ്ദേഹം കാര്യങ്ങളെല്ലാം വ്യാഖ്യാനിക്കുന്നത് പ്രത്യേക ശൈലിയിലും രീതിയിലുമാണ്. അതിനോട് എല്ലാ കോണ്‍ഗ്രസുകാരും യോജിക്കുമെന്ന് കരുതുന്നില്ല. എന്തായിരുന്നാലും ഇന്നലെ നടത്തിയ പ്രതികരണം വേണ്ടിയിരുന്നില്ലെന്ന പാര്‍ട്ടി നിലപാട് അംഗീകരിക്കുന്നുവെന്നും എം എം മണി പറഞ്ഞു.
