കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളുടെ ശിക്ഷാ വിധിയിൽ പ്രതികരിച്ച് നടി മഞ്ജു വാര്യർ. കുറ്റം ചെയ്തവർ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ അത് ആരായാലും അവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണെന്നും മഞ്ജു വാര്യർ പ്രസ്താവനയിലൂടെ അറിയിച്ചു.

മഞ്ജു വാര്യരുടെ പ്രസ്താവന
ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷേ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആകില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ അത് ആരായാലും അവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണമാകുകയുള്ളൂ.

പൊലീസിലും നിയമസംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിന് വിശ്വാസം ദൃഢമാകാൻ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവൾക്ക് വേണ്ടി മാത്രമല്ല, ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്.

അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തി പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ. അന്നും ഇന്നും എന്നും അവൾക്കൊപ്പം. – എന്നാണ് മഞ്ജു വാര്യർ പ്രസ്താവനയിൽ കുറിച്ചിരിക്കുന്നത്.
