ആലപ്പുഴ: ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ ‘കുംഭഭരണി’ ഈ മാസം 23 ന്. ദേവീസന്നിധിയിലേക്കു കുംഭഭരണി നാളില്‍ വൈകീട്ട് ആനയിക്കാന്‍ കെട്ടുകാഴ്ച ഒരുക്കുന്ന ജോലികള്‍ 13 കരകളിലും ആചാരപരമായി ഇന്നു തുടങ്ങും.


രാവിലെ 9.20നും 9.48നും മധ്യേ കെട്ടുരുപ്പടികള്‍ കെട്ടുകാഴ്ചപ്പുരകളില്‍ നിന്നു പുറത്തെടുക്കും. ക്ഷേത്രവുമായി ബന്ധപ്പെട്ട ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്ക്കാവ് എന്നീ 13 കരകളിലാണു കെട്ടുകാഴ്ചകള്‍ ഒരുക്കുന്ന ജോലികള്‍ ആചാരപരമായി ആരംഭിക്കുന്നത്.
കര പ്രതിനിധികള്‍ രാവിലെ ക്ഷേത്രത്തിലെത്തി വഴിപാടുനടത്തും. ക്ഷേത്രത്തില്‍ നിന്നുള്ള തീര്‍ഥവുമായി കരയുടെ ആസ്ഥാനത്തെത്തി കെട്ടുകാഴ്ചപ്പുരകളില്‍ തളിച്ച ശേഷം ഉരുപ്പടികള്‍ പുറത്തെടുക്കും. 23നു വൈകിട്ടു കെട്ടുകാഴ്ചകള്‍ കാഴ്ചക്കണ്ടത്തില്‍ അണിനിരത്തി, 24നു പുലര്‍ച്ചെ ഭഗവതിയുടെ എഴുന്നള്ളത്തും ദര്‍ശിക്കാന്‍ ഓണാട്ടുകരക്കാര്‍ കാത്തിരിക്കുകയാണ്.




ചെട്ടികുളങ്ങര ഭഗവതി പിതൃസ്ഥാനത്തുള്ള മഹാദേവനെ ദര്‍ശിക്കാനായി കണ്ണമംഗലം തെക്ക് മഹാദേവര്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നതു ശിവരാത്രി നാളിലാണ്. പോളവിളക്ക്, താലപ്പൊലി, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്കു ഭഗവതിയെ എഴുന്നള്ളിക്കും. തുടര്‍ന്നു പിതൃപുത്രീ സംഗമവും കൂടിയെഴുന്നള്ളത്തും നടക്കും.

