എറണാകുളം: സിറോ മലബാർ സഭയിലെ ഏകീകൃത കുർബാന തർക്കവുമായി ബന്ധപ്പെട്ട് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ അപലപിച്ച് സഭാനേതൃത്വം. എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന ഘട്ടം ഘട്ടമായി നടപ്പിലാക്കാനുള്ള സിനഡ് തീരുമാനത്തിനെതിരെ ഒരു വിഭാഗം വിശ്വാസികൾ നടത്തുന്ന സമരമുറകൾ ക്രിസ്തീയ സ്നേഹത്തിൻ്റെ എല്ലാ പരിധികളും ലംഘിക്കുന്നതാണെന്ന് സഭ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. സഭാ കൂട്ടായ്മയ്ക്ക് മുൻഗണന നൽകിക്കൊണ്ട് സിനഡ് എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാൻ ത്യാഗപൂർവം പരിശ്രമിക്കുന്ന ആർച്ച് ബിഷപ്പിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും സ്വഭാവഹത്യ നടത്തുന്നതും സഭാവിരുദ്ധമാണെന്നും സഭാ വക്താവ് അറിയിച്ചു.


സിറോ മലബാർ സഭയുടെ എല്ലാ രൂപതകളിലും ഏകീകൃത കുർബാന നടപ്പിലാക്കാനുള്ള തീരുമാനത്തെ ചൊല്ലി എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികളും പുരോഹിതരും നേരത്തെ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് നടന്ന ചർച്ചകൾക്കൊടുവിൽ നിലവിലെ സാഹചര്യത്തിൽ അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളിൽ ഏകീകൃത വിശുദ്ധ കുർബാന ഘട്ടം ഘട്ടമായി മാത്രം നടപ്പിലാക്കാമെന്ന തീരുമാനത്തിലൂടെ പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ ഈ തീരുമാനത്തിന് പിന്നാലെ ആർച്ച് ബിഷപ്പ് പാംപ്ലാനിയെ ലക്ഷ്യം വെച്ചുകൊണ്ട് മറ്റൊരു വിഭാഗം പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു.
ആർച്ച് ബിഷപ്പ് പാംപ്ലാനിക്കെതിരായ പ്രതിഷേധങ്ങൾ ക്രിസ്തീയ സ്നേഹത്തിൻ്റെ എല്ലാ പരിധികളെയും ലംഘിക്കുന്നതാണെന്നും അത്യന്തം പരിതാപകരമാണെന്നും സഭ വ്യക്തമാക്കി. ഏകീകൃത വിശുദ്ധ കുർബാന നടപ്പിലാക്കാനുള്ള തീരുമാനത്തിന് പിന്നാലെ അതിരൂപതയിലെ അജപാലന അന്തരീക്ഷം ശാന്തമാകാൻ തുടങ്ങിയപ്പോഴാണ്, 2025 ഡിസംബർ 10 മുതൽ കൊച്ചി സെൻ്റ് മേരീസ് ബസിലിക്കയിൽ ഒരു വിഭാഗം ആളുകൾ തമ്പടിച്ച് പവിത്രമായ ചടങ്ങുകൾ തടസ്സപ്പെടുത്തിയതെന്ന് സഭ ചൂണ്ടിക്കാട്ടി.




കഴിഞ്ഞ ജനുവരിയിൽ നടന്ന 34-ാമത് സിനഡിൻ്റെ ആദ്യ സമ്മേളനത്തിന് ശേഷം അക്രൈസ്തവമായ പ്രതിഷേധ രീതികൾ ഉപേക്ഷിച്ച് സമാധാനത്തിൻ്റെ പാത തിരഞ്ഞെടുക്കാൻ എല്ലാവരോടും സഭ ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ഈ അപ്പീലിന് ശേഷവും പ്രതിഷേധക്കാർ ബസിലിക്കയുടെ മുൻവശത്ത് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിൻ്റെയും ആർച്ച് ബിഷപ്പ് പാംപ്ലാനിയുടെയും അപകീർത്തികരമായ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും ആർച്ച് ബിഷപ്പ് ഹൗസിൻ്റെ ചുവരുകളിൽ അവ ഒട്ടിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കണ്ണൂർ പ്രസ് ക്ലബിൽ ആർച്ച് ബിഷപ്പിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതായും തലശ്ശേരി ആർച്ച് ബിഷപ്പ് ഹൗസിൻ്റെ ചുവരിൽ ആക്ഷേപകരമായ രീതിയിൽ ചിത്രങ്ങൾ പതിപ്പിച്ചതായും സഭ അറിയിച്ചു.

ആർച്ച് ബിഷപ്പ് പരിശുദ്ധ മാർപ്പാപ്പയ്ക്കും സിനഡിനും എതിരായി പ്രവർത്തിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ സഭാ വിരുദ്ധമാണെന്ന് പ്രസ്താവനയിൽ പറയുന്നു. പരാതികൾ സമർപ്പിക്കുന്നതിനും പരിഹാരം തേടുന്നതിനും ഉയർന്ന സഭാ സംവിധാനങ്ങളുണ്ടായിരിക്കെ ആർച്ച് ബിഷപ്പിനെതിരെ സ്വഭാവഹത്യ നടത്താനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. അപമാനങ്ങൾ സഹിച്ചുകൊണ്ട് സഭാ തീരുമാനങ്ങൾ നടപ്പിലാക്കാൻ ത്യാഗപൂർവം പരിശ്രമിക്കുന്ന ആർച്ച് ബിഷപ്പിനൊപ്പം സഭ മുഴുവൻ നിലകൊള്ളുന്നുവെന്നും അക്രൈസ്തവ പ്രതിഷേധ രീതികൾ ഉപേക്ഷിച്ച് അനുരഞ്ജനത്തിൻ്റെ പാതയിലേക്ക് വരണമെന്നും സഭ അഭ്യർഥിച്ചു.
അതേസമയം, ആർച്ച് ബിഷപ്പിനെതിരെയുള്ള വ്യക്തിപരമായ ആക്രമണങ്ങളെ അപലപിച്ച് തലശ്ശേരി അതിരൂപതയും രംഗത്തെത്തി. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർ സഭയുടെ ഉത്തമ താൽപ്പര്യങ്ങൾക്കല്ല പ്രവർത്തിക്കുന്നതെന്നും ക്രിസ്തുവിൻ്റെ പാതയിൽ നിന്ന് അവർ അകന്നുപോയെന്നും തലശ്ശേരി അതിരൂപത വ്യക്തമാക്കി.
