കോട്ടയം: കോട്ടയം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് മികവിന്റെ പാതയിൽ മുന്നോട്ട് നീങ്ങുകയാണ്. 283.60 കോടി രൂപയുടെ പദ്ധതികൾ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.സര്‍ജിക്കല്‍ ബ്ലോക്ക്, സ്കിന്‍ബാങ്ക്, കാത്ത്ലാബ്, ഹോസ്റ്റല്‍, മദര്‍ ന്യൂബോണ്‍ കെയര്‍, ക്രഷ്, ലാക്ടേഷന്‍ മാനേജ്മെന്റ് സെന്റര്‍ തുടങ്ങി വികസന പദ്ധതികളാണ് കോട്ടയം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ സജ്ജമാക്കിയത്.


ഉദ്ഘാടന പരിപാടിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന് സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ ഫ്രാന്‍സിസ് ജോര്‍ജ് എം.പി, ജോസ് കെ മാണി എംപി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും.
സംസ്ഥാനത്ത് ആദ്യമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമാക്കിയെന്നും അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് രാജ്യത്തിന് തന്നെ മാതൃകയായെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന ആദ്യ സര്‍ക്കാര്‍ ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കോളേജ് മാറി.




ഡല്‍ഹി എയിംസിന് ശേഷം സര്‍ക്കാര്‍ മേഖലയില്‍ ശ്വാസകോശം മാറ്റിവച്ചതും ആദ്യമായാണ്. ഹൃദയമാറ്റ ശസ്ത്രക്രിയയില്‍ ദേശീയതലത്തില്‍ അറിയപ്പെടുന്ന സ്ഥാപനം കൂടിയാണിത്. വികസനത്തിനൊപ്പം ചികിത്സയിലും മുന്നേറ്റം നടത്താന്‍ കോട്ടയം മെഡിക്കല്‍ കോളേജിനായതായും മന്ത്രി വ്യക്തമാക്കി.

